Asianet News MalayalamAsianet News Malayalam

ഐപിഎല്‍: പവര്‍പ്ലേയില്‍ മുംബൈക്കെതിരെ ബാംഗ്ലൂരിന് രണ്ട് വിക്കറ്റ് നഷ്ടം

ദേവ്ദത്ത് പടിക്കലിന് പകരം ആരാകും കോലിക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്ന ആകാംക്ഷക്ക് ബാംഗ്ലൂരിന്‍റെ മറുപടി വമ്പന്‍ സര്‍പ്രൈസായിരുന്നു. വാഷിംഗ്ടണ്‍ സുന്ദറാണ് കോലിക്കൊപ്പം ബാംഗ്ലൂരിന്‍റെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്.

IPL 2021, Royal Challengers Bangalore lost two wickets in Power play against Mumbai Indians
Author
Chennai, First Published Apr 9, 2021, 10:09 PM IST

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കം. പവര്‍ പ്ലേയില്‍ ബാഗ്ലൂര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെടുത്തു. 12 പന്തില്‍ 20 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോലിയും റണ്‍സൊന്നുമെടുക്കാതെ ഗ്ലെന്‍ മാക്സ്‌വെല്ലും ക്രീസില്‍. ഓപ്പണറായി ഇറങ്ങിയ വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും വണ്‍ ഡൗണായി എത്തിയ രജത് പാട്ടീദാറിന്‍റെയും വിക്കറ്റുകളാണ് ബാംഗ്ലൂരിന് പവര്‍ പ്ലേയില്‍ നഷ്ടമായത്.ലൈവ് സ്കോര്‍

സര്‍പ്രൈസ് ഓപ്പണറായി സുന്ദര്‍

ദേവ്ദത്ത് പടിക്കലിന് പകരം ആരാകും കോലിക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്ന ആകാംക്ഷക്ക് ബാംഗ്ലൂരിന്‍റെ മറുപടി വമ്പന്‍ സര്‍പ്രൈസായിരുന്നു. വാഷിംഗ്ടണ്‍ സുന്ദറാണ് കോലിക്കൊപ്പം ബാംഗ്ലൂരിന്‍റെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറിലെ കോലി ബൗണ്ടറിയടിച്ച് തുടങ്ങി. ആ ഓവറില്‍ അഞ്ച് വൈഡ് കൂടി കിട്ടിയതോടെ ബാംഗ്ലൂര്‍ ഹാപ്പിയായി.

കോലിയുടെ ടൈമിംഗിനും പ്ലേസ്മെന്‍റിനുമൊപ്പം പിടിച്ചു നില്‍ക്കാന്‍ സുന്ദര്‍ പാടുപെട്ടെങ്കിലും അഞ്ചാം ഓവര്‍ വരെ പിടിച്ചു നിന്നു. തട്ടി മുട്ടി നിന്ന സുന്ദറെ(16 പന്തില്‍ 10) മടക്കി ക്രുനാല്‍ പാണ്ഡ്യയാണ് മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. വാഷിംഗ്ടണ്‍ മടങ്ങിയതോടെ രജത് പാട്ടീദാറാണ് കോലിക്ക് കൂട്ടായി ക്രീസിലെത്തിയത്. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ ട്രെന്‍റ് ബോള്‍ട്ടിനെ ബൗണ്ടറിയടിച്ച് സ്വീകരിച്ച പാട്ടീദാറിനെ(8 പന്തില്‍8) മടക്കി ബോള്‍ട്ട് കണക്കു തീര്‍ത്തു. കൂടുതല്‍ നഷ്ടങ്ങളില്ലാതെ മാക്സ്‌വെല്ലും കോലിയും ചേര്‍ന്ന് പവര്‍ പ്ലേ പൂര്‍ത്തിയാക്കി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സെടുത്തത്. നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഹര്‍ഷാല്‍ പട്ടേലാണ് മുംബൈയുടെ കുതിപ്പ് തടഞ്ഞത്.  35 പന്തില്‍ 49 റണ്‍സെടുത്ത ലിന്നാണ് മുംബൈയുടെ ടോപ് സ്കോറര്‍.

സൂര്യകുമാര്‍ യാദവ്(23 പന്തില്‍ 31), ഇഷാന്‍ കിഷന്‍(19 പന്തില്‍ 28) എന്നിവരും മുംബൈക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(15 പന്തില്‍ 19), ഹര്‍ദ്ദിക് പാണ്ഡ്യയും(10 പന്തില്‍ 13), കീറോണ്‍ പൊള്ളാര്‍ഡും(9 പന്തില്‍ 7), ക്രുനാല്‍ പാണ്ഡ്യയും(7 പന്തില്‍ 7) നിരാശപ്പെടുത്തി.

Follow Us:
Download App:
  • android
  • ios