Asianet News MalayalamAsianet News Malayalam

റോയ്-വില്യംസണ്‍ കൂട്ടുകെട്ട്; രാജസ്ഥാനെ അനായാസം പൊട്ടിച്ച് ഹൈദരാബാദ്

നേരത്തെ നായകനും മലയാളിയുമായ സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ഇന്നിംഗ്‌സാണ്(57 പന്തില്‍ 82) രാജസ്ഥാനെ മെച്ചപ്പെട്ട സ്‌കോറിലെത്തിച്ചത്

IPL 2021 SRH vs RR Sunrisers Hyderabad beat Rajasthan Royals by 7 wickets
Author
Dubai - United Arab Emirates, First Published Sep 27, 2021, 10:58 PM IST
  • Facebook
  • Twitter
  • Whatsapp

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) നാലാം സ്ഥാനത്തേക്ക് ചേക്കേറാനുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ(Rajasthan Royals) മോഹങ്ങള്‍ തച്ചുതകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad). നിര്‍ണായക പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയതോടെയാണിത്. 165 റണ്‍സ് വിജയലക്ഷ്യം ജേസന്‍ റോയ്(Jason Roy), കെയ്‌ന്‍ വില്യംസണ്‍(Kane Williamson) എന്നിവരുടെ അര്‍ധ സെഞ്ചുറികളില്‍ 18.3 ഓവറില്‍ സണ്‍റൈസേഴ്‌സ് നേടി. നേരത്തെ നായകനും മലയാളിയുമായ സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ഇന്നിംഗ്‌സാണ്(57 പന്തില്‍ 82) രാജസ്ഥാനെ മെച്ചപ്പെട്ട സ്‌കോറിലെത്തിച്ചത്. 

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കം ഹൈദരാബാദിന് ലഭിച്ചെങ്കിലും 11 പന്തില്‍ 18 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയെ ആറാം ഓവറില്‍ ലോംറോറിന്‍റെ പന്തില്‍ സഞ്ജു സ്റ്റംപ് ചെയ്തു. ജേസന്‍ റോയ്‌യും കെയ്‌ന്‍ വില്യംസണും ഒന്നിച്ചതോടെ ഹൈദരാബാദ് ഓവറില്‍ 100 കടന്നു. എന്നാല്‍ സക്കരിയയുടെ12-ാം ഓവറിലെ സ്ലോ ബോളില്‍ റോയ്(42 പന്തില്‍ 60) വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്‍റെ കൈകളിലെത്തി. തൊട്ടടുത്ത ഓവറില്‍ പ്രിയം ഗാര്‍ഗ് നേരിട്ട ആദ്യ പന്തില്‍ മുസ്‌താഫിസൂറിന്‍റെ റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങി. 

എന്നാല്‍ ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന കെയ്‌ന്‍ വില്യംസണ്‍ അനായാസം ഹൈദരാബാദിനെ ജയത്തിലേക്ക് നയിച്ചു. വില്യംസണിനൊപ്പം(41 പന്തില്‍ 51*), അഭിഷേക് ശര്‍മ്മ(16 പന്തില്‍ 21*) പുറത്താകാതെ നിന്നു. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 164 റണ്‍സെടുത്തു. സാവധാനം തുടങ്ങി ഉഗ്രരൂപം കാട്ടിയ സഞ്ജു 57 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതം 82 റണ്‍സെടുത്തു. 

ക്ലാസ്, മാസ് സഞ്ജു

രാജസ്ഥാന്‍ ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ ഭുവി ആദ്യ പന്തില്‍ സിക്‌സറിന് ശ്രമിച്ച എവിന്‍ ലൂയിസിനെ(4 പന്തില്‍ 6) ബൗണ്ടറിയില്‍ സമദിന്‍റെ കൈകളിലെത്തിച്ചു. ഇതിന് ശേഷം സുരക്ഷിതമായി 49-1 എന്ന സുരക്ഷിത സ്‌കോറില്‍ യശ്വസ്വി ജെയ്‌സ്വാളും സഞ്ജു സാംസണും പവര്‍പ്ലേ പൂര്‍ത്തിയാക്കുകയായിരുന്നു. 23 പന്തില്‍ 36 റണ്‍സെടുത്ത ജെയ്‌സ്വാള്‍ സന്ദീപിന് മുന്നില്‍ ബൗള്‍ഡായപ്പോള്‍ ഒരിക്കല്‍ കൂടി പരാജയമായ ലയാം ലിവിംഗ്‌സ്റ്റണ്‍ ആറ് പന്തില്‍ നാല് റണ്‍സില്‍ വീണു. റാഷിദ് ഖാനായിരുന്നു വിക്കറ്റ്. 

100 കടക്കാന്‍ രാജസ്ഥാന്‍ 14-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. കഴിഞ്ഞ മത്സരത്തിന്‍റെ ആവര്‍ത്തനം പോലെ ഒരറ്റത്ത് നിലയുറപ്പിച്ച സഞ്ജു സാംസണ്‍ 41 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നാലെ ബൗളര്‍മാരെ കടന്നാക്രമിച്ച് സ‍ഞ്ജു മുന്നേറി. കൗളിന്‍റെ 19-ാം ഓവറിലെ രണ്ടാം പന്ത് വരെ സഞ്ജുവിന്‍റെ പോരാട്ടം നീണ്ടു. നാലാം പന്തില്‍ റിയാന്‍ പരാഗ്(0) വീണു. എന്നാല്‍ ലോറോര്‍ 28 പന്തില്‍ 29 റണ്‍സുമായി സഞ്ജുവിന് പിന്തുണ നല്‍കിയതോടെ രാജസ്ഥാന്‍ മാന്യമായ സ്‌കോറിലെത്തുകയായിരുന്നു. 

വലിയ മാറ്റങ്ങളുമായി ടീമുകള്‍

ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വമ്പന്‍ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. രാജസ്ഥാനില്‍ കാര്‍ത്തിക് ത്യാഗി പരിക്ക് മൂലം പുറത്തിരിക്കുമ്പോള്‍ കഴിഞ്ഞ മത്സരം നഷ്‌ടമായ ക്രിസ് മോറിസും എവിന്‍ ലൂയിസും തിരിച്ചെത്തി. സണ്‍റൈസേഴ്‌സില്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരം ജേസന്‍ റോയ്‌യും ഫോമിലല്ലാത്ത മനീഷ് പാണ്ഡെയ്‌ക്കും കേദാര്‍ ജാദവിനും പകരം യുവതാരങ്ങളായ പ്രിയം ഗാര്‍ഗും അഭിഷേക് ശര്‍മ്മയും പരിക്കേറ്റ ഖലീല്‍ അഹമ്മദിന് പകരം സിദ്ധാര്‍ഥ് കൗളും പ്ലേയിംഗ് ഇലവനിലെത്തി. 

രാജസ്ഥാന്‍ റോയല്‍സ്: എവിന്‍ ലൂയിസ്, യശ്വസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍(നായകന്‍), ലയാം ലിവിംഗ്‌സ്റ്റണ്‍, മഹിപാല്‍ ലോംറോര്‍, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, ജയ്‌ദേവ് ഉനദ്ഘട്ട്, മുസ്‌താഫിസൂര്‍ റഹ്‌മാന്‍. 

സണ്‍റൈഡേഴ്‌സ് ഹൈദരാബാദ്: ജേസന്‍ റോയ്‌, വൃദ്ധിമാന്‍ സാഹ, കെയ്‌ന്‍ വില്യംസണ്‍(നായകന്‍), പ്രിയം ഗാര്‍ഗ്, അഭിഷക് ശര്‍മ്മ, അബ്‌ദുള്‍ സമദ്, ജേസന്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, സന്ദീപ് ശര്‍മ്മ. 

സഞ്ജു പൊളിയല്ലേ...ധവാനെ പിന്തള്ളി ഓറഞ്ച് ക്യാപ്പ് തലയില്‍

Follow Us:
Download App:
  • android
  • ios