കഴിഞ്ഞ മത്സരത്തിലെ ആധികാരിക ജയത്തോടെ വീണ്ടെടുത്ത ആത്മവിശ്വാസത്തോടെയാണ് ഹൈദരാബാദ് ഇറങ്ങുന്നത്.  

ചെന്നൈ: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റല്‍സിനെ നേരിടും. നാലിൽ മൂന്ന് മത്സരവും ജയിച്ച് മിന്നും ഫോമിലാണ് ഡൽഹി. അതേസമയം കഴിഞ്ഞ മത്സരത്തിലെ ആധികാരിക ജയത്തോടെ വീണ്ടെടുത്ത ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്. 

പുതിയ ക്യാപ്റ്റന് കീഴിലും കഴിഞ്ഞ സീസണിലെ പ്രകടനം ആവർത്തിക്കുകയാണ് ഡൽഹി. ബാംഗ്ലൂരിനൊപ്പം കിരീട സാധ്യത തുടക്കത്തിലേ കൽപിക്കപ്പെടുന്നു. ശിഖര്‍ ധവാനും റിഷഭ് പന്തും അപാര ഫോമിൽ. സ്റ്റീവ് സ്‌മിത്ത് കൂടെ ഫോമിലേക്കെത്തി. ഷിമ്രോന്‍ ഹെറ്റ്മയറും മാര്‍ക്കസ് സ്റ്റോയിനിസുമടക്കം പിന്നെയും വമ്പനടിക്കാർ. മൂന്ന് കളികള്‍ ചേസ് ചെയ്ത് ജയിച്ച ബാറ്റിംഗ് സംഘത്തിന് ആത്മവിശ്വാസം വാനോളം. ബൗളർമാരെ റൊട്ടേറ്റ് ചെയ്യുന്നതിലടക്കം റിഷഭിന്‍റെ ക്യാപ്റ്റൻസിയും അഭിനന്ദനമ‍ർഹിക്കുന്നു. 

എന്നാല്‍ ഹൈദരാബാദിന് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങൾ ഇതൊക്കെയാവും. നേർക്കുനേർ വന്ന 18ൽ 11 ലും ജയിച്ചത് ഹൈദരാബാദാണ്. ഈ സീസണിൽ തോറ്റ് കിതച്ച ടീം പക്ഷെ അവസാന കളിയിൽ പഞ്ചാബിനെതിരെ സടകുടഞ്ഞെഴുന്നേറ്റു. ഒന്‍പത് വിക്കറ്റിന്‍റെ ആധികാരിക ജയം ഡൽഹിക്കുള്ള മുന്നറിയിപ്പ്. ഡേവിഡ് വാർണറിനും ജോണി ബെയർസ്റ്റോയ്‌ക്കും പിന്നാലെ ബാറ്റിംഗ് യൂണിറ്റ് ചീറ്റ് കൊട്ടാരം പോലെ തകരാതിരിക്കാൻ കെയ്ൻ വില്യംസൺ എത്തിയിരിക്കുന്നു.

ഭുവനേശ്വര്‍ കുമാറും റാഷിദ് ഖാനും നയിക്കുന്ന ഹൈദരാബാദ് ബൗളിംഗ് നിരയും മികച്ചത്. യോര്‍ക്കര്‍ വീരന്‍ ടി നടരാജൻ പരിക്കേറ്റ് പിൻവാങ്ങിയെങ്കിലും അഭാവം നിലവിൽ ടീമിൽ പ്രതിഫലിക്കില്ല. ചെന്നൈയിലെ ഒടുവിലെ ഫലങ്ങൾ പരിഗണിച്ചാൽ ടോസ് നേടുന്ന ടീം ഫീൽഡിംഗ് തെരഞ്ഞെടുക്കാനാവും സാധ്യത. 

ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ; കോലിയും ധോണിയും നേര്‍ക്കുനേര്‍