ചെന്നൈ: മുംബൈ ഇന്ത്യന്‍സിനെതിരെ നാടകീയമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തോല്‍വി. 153 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ നിതീഷ് റാണ- ശുഭ്മാന്‍ ഗില്‍ സഖ്യം 72 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നീട് മൂന്നിന് 122 എന്ന ശക്തമായ നിലയിലായിരുന്നു കൊല്‍ക്കത്ത. എന്നാല്‍ മുംബൈ ബൗളര്‍മാര്‍ അവസാന ഓവറുകളില്‍ പിടിമുറുക്കിയിപ്പോള്‍ കൊല്‍ക്കത്ത തോല്‍വി ഏറ്റുവാങ്ങി. 10 റണ്‍സിനായിരുന്നു തോല്‍വി. 

രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍, ഷാക്കില്‍ അല്‍ ഹസന്‍, ആേ്രന്ദ റസ്സല്‍, ദിനേശ് കാര്‍ത്തിക് എന്നിവരെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇവരാരും രണ്ടക്കം കണ്ടിരിുന്നില്ല. റസ്സല്‍ 15 പന്തില്‍ ഒമ്പത് റണ്‍സ് മാത്രം നേടി പുറത്തായപ്പോള്‍ 11 പന്തില്‍ എട്ട് റണ്‍സ് മാത്രമാണ് കര്‍ത്തികിന് നേടാനായത്. തോല്‍വിക്ക് കാരണം ഇരുവരുടേയും പ്രകടനമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് വിലയിരുത്തി. 

സെവാഗിന്റെ വാക്കുകള്‍... ''എല്ലാ മത്സരങ്ങളോടും പോസിറ്റീവ് സമീപനമായിരിക്കുമെന്ന് ആദ്യത്തെ കളിക്ക് ശേഷം ക്യാപ്റ്റന്‍ മോര്‍ഗന്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹം പറഞ്ഞത് പോലും റാണ, ഗില്‍, ഷാക്കിബ് എന്നിവരെല്ലാം ബാറ്റിങ്ങിനെത്തിയപ്പോള്‍ ആ ഒരു സമീപനം കാണിക്കുകയും ചെയ്തു. എന്നാല്‍ കാര്‍ത്തിക്, റസ്സല്‍ എന്നിവരുടെ ശൈലി അതല്ലായിരുന്നു. മത്സരം അവസാനത്തേക്ക് നീട്ടിയതിന്റെ ഉത്തരവാദിത്തം അവര്‍ക്കാണ്. അവസാന ഓവറുകളില്‍ ജയിക്കാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ അതുനടന്നില്ല. 

റാണയോ ഗില്ലോ അവസാനം വരെ ബാറ്റ് ചെയ്യണമായിരുന്നു. വിജയം ഉറപ്പിച്ച മത്സരത്തില്‍ ആറോവറില്‍ 36 റണ്‍സോ മറ്റോ മാത്രമാണ് അവര്‍ക്ക് വേണ്ടിയിരുന്നത്. ഇത്തരം ഘട്ടങ്ങളില്‍ വേഗത്തില്‍ വിജയം നേടി നെറ്റ് റണ്‍ റേറ്റ് വര്‍ധിപ്പിക്കാനായിരിക്കും ടീമുകള്‍ ശ്രമിക്കുക. എന്നാല്‍ കൊല്‍ക്കത്തയുടേത് മറ്റൊരു രീതിയായിരുന്നു.  അവസാന ഓവറുകളിലും ഏറെക്കുറെ സമാനമായാണ് ഇരു ടീമുകളും ബാറ്റ് ചെയ്തത്.'' സെവാഗ് വ്യക്തമാക്കി.

മത്സരത്തില്‍ 10 റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 152ന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനാണ് സാധിച്ചത്.