ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകാനും മധ്യനിരയിലെ സ്ഥാനത്തിനുമായി മത്സരിക്കുന്ന ഇരുവർക്കും ഈ ഐപിഎല്ലും നിർണായകം. 

മുംബൈ: ഐപിഎൽ പതിനാലാം സീസണില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഡൽഹി ക്യാപിറ്റല്‍സും നേർക്കുനേർ വരുമ്പോൾ സഞ്ജു സാംസണിന്‍റെയും റിഷഭ് പന്തിന്‍റെയും പോരാട്ടം കൂടിയായി മത്സരം മാറുകയാണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകാനും മധ്യനിരയിലെ സ്ഥാനത്തിനുമായി മത്സരിക്കുന്ന ഇരുവർക്കും ഈ ഐപിഎല്ലും നിർണായകം. 

ധോണിയുടെ പിൻഗാമിയെ ഉറപ്പിക്കാന്‍ ഇതുവരെ ടീം ഇന്ത്യക്കായിട്ടില്ല. സഞ്ജു സാംസണും റിഷഭ് പന്തുമടക്കം ഒരുപിടി താരങ്ങൾ മത്സരിക്കുന്ന കാഴ്ച. ഇത്തവണത്തെ ഐപിഎല്ലിലെ രണ്ട് പുതുമുഖ നായകന്മാർ കൂടിയാണ് സഞ്ജുവും റിഷഭും. കഴിഞ്ഞ ഐപിഎൽ സീസണിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് പ്രകടനം മോശമായ റിഷഭ് പന്തിനേയല്ല ഇന്ന് ക്രിക്കറ്റ് പ്രേമികള്‍ കാണുന്നത്.

ഓസ്‌ട്രേലിയയെയും ഇംഗ്ലണ്ടിനേയും തോൽപ്പിച്ച് ടീം ഇന്ത്യ പരമ്പരകള്‍ നേടുമ്പോള്‍ നിര്‍ണായകമായിരുന്നു റിഷഭ് പന്തിന്‍റെ പ്രകടനം. പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യറിന് പകരം ഡൽഹി ക്യാപിറ്റല്‍സിന്‍റെ നായക പദവി പന്തിനെ തേടിയെത്തുന്നതും നമ്മള്‍ കണ്ടു. 

സഞ്ജുവിനും കഴിഞ്ഞ വർഷം നേട്ടങ്ങളുടേതാണ്. ഐപിഎല്ലിലെ പ്രകടനത്തോടെ ഇന്ത്യൻ ടീമിൽ വീണ്ടും അവസരം കിട്ടി, രാജസ്ഥാൻ റോയൽസിന്‍റെ നായകത്വവും. എന്നാല്‍ ടീമിലെ ഉത്തരവാദിത്തം ബാറ്റിംഗിലെ സമ്മർദമായി മാറാതെ നോക്കാൻ ഇരുവർക്കും കഴിയേണ്ടതുണ്ട്. ഈ വർഷം ട്വന്റി 20 ലോകകപ്പ് വരുന്നതിനാൽ ഐപിഎല്ലിലെ പ്രകടനം സഞ്ജുവിനും റിഷഭ് പന്തിനും നിർണായകമാണ്.

യുവ ക്യാപ്റ്റന്‍മാര്‍ നേര്‍ക്കുനേര്‍; ഇന്ന് സഞ്ജു-റിഷഭ് പോര്; ജയിക്കാനുറച്ച് രാജസ്ഥാന്‍