ഫോമിലുള്ള ഇന്ത്യന്‍ പേസര്‍ ടി നടരാജനെ ഇലവനില്‍ നിന്ന് ഒഴിവാക്കിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു.

ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നാല് മാറ്റങ്ങളുമായാണ് ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങിയത്. ഫോമിലുള്ള ഇന്ത്യന്‍ പേസര്‍ ടി നടരാജനെ ഇലവനില്‍ നിന്ന് ഒഴിവാക്കിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു. നട്ടുവിന് പകരം ഇടംകൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദിനാണ് ഹൈദരാബാദ് അവസരം നല്‍കിയത്. എന്തുകൊണ്ടാണ് നടരാജനെ കളിപ്പിക്കാതിരുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടീം ഉപദേഷ്‌ടാവ് വിവിഎസ് ലക്ഷ്‌മണ്‍. 

'ഇടത്തേ കാല്‍മുട്ടില്‍ ചെറിയ പരിക്കുണ്ടായിരുന്നതിനാലാണ് നടരാജന് മത്സരം നഷ്‌ടമായത്. നട്ടു ഫിറ്റല്ലാത്തതിനാല്‍ ഖലീലിനെ കളിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നടരാജന്‍റെ ആരോഗ്യനില പരിശോധിക്കും, അദേഹത്തിനും ഫ്രാഞ്ചൈസിക്കും ഗുണപ്രദമായ തീരുമാനം മെഡിക്കല്‍ സംഘം കൈക്കൊള്ളുമെന്ന് ഉറപ്പാണ്' എന്നും വിവിഎസ് മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

മുംബൈക്കെതിരെ തിളങ്ങിയ ഖലീലിനെ വിവിഎസ് പ്രശംസിച്ചു. നാല് ഓവര്‍ എറിഞ്ഞ താരം 24 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ചെപ്പോക്കിലെ സാഹചര്യങ്ങള്‍ വേഗം ഖലീല്‍ മനസിലാക്കി. പേസും ബൗണ്‍സും വഴി ഏറെ വേരിയേഷനുകള്‍ ഉപയോഗപ്പെടുത്തി. ഖലീലിന്‍റെ ബൗളിംഗ് സണ്‍റൈസേഴ്‌സിന് ആശ്വാസം നല്‍കുന്നതാണ്. സീസണിലെ ആദ്യ മത്സരത്തിലെ അദേഹത്തിന്‍റെ പ്രകടനം എന്നെ ഏറെ സംതൃപ്‌തനാക്കി എന്നും ലക്ഷ്‌മണ്‍ കൂട്ടിച്ചേര്‍ത്തു. 

നടരാജനെ ഒഴിവാക്കുകയായിരുന്നില്ല, വര്‍ക്ക്‌ലോഡ് മാനേജ്‌മെന്‍റിന്‍റെ ഭാഗമായി വിശ്രമം നല്‍കുകയായിരുന്നു എന്ന് ടീം ഡയറക്‌ടര്‍ ടോം മൂഡിയും വ്യക്തമാക്കി. 

ഭുവിക്കെതിരായ അവസാന ഓവര്‍ വെടിക്കെട്ട്; നാഴികക്കല്ല് പിന്നിട്ട് പൊള്ളാര്‍ഡ്