വിരമിക്കല്‍ പിന്‍വലിച്ച് എബിഡി ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്തണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സ്‌പ്രിന്‍റര്‍ യൊഹാന്‍ ബ്ലേക്ക്.

ചെന്നൈ: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് മൂന്ന് വര്‍ഷമായെങ്കിലും മുപ്പത്തിയേഴാം വയസിലും ആരാധകരെ അമ്പരപ്പിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍
ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുന്ന എബിഡി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 34 പന്തില്‍ 76 റണ്‍സെടുത്ത് വെടിക്കെട്ട് പ്രകടനം കാഴ്‌ചവെച്ചു. ഇതോടെ എബിഡി ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് മടങ്ങിയെത്തണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സ്‌പ്രിന്‍റര്‍ യൊഹാന്‍ ബ്ലേക്ക്.

'ഡിവില്ലിയേഴ്‌സ് വേറൊരു ലെവലിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്ക് ഈ താരത്തെ ആവശ്യമുണ്ട്' എന്നായിരുന്നു എബിഡിയുടെ വെടിക്കെട്ടിന് പിന്നാലെ യൊഹാന്‍ ബ്ലേക്കിന്‍റെ ട്വീറ്റ്. 

Scroll to load tweet…

അപ്രതീക്ഷിത വിരമിക്കല്‍ കൊണ്ട് 2018 മെയ് മാസത്തില്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയായിരുന്നു എ ബി ഡിവില്ലിയേഴ്‌സ്. പിന്നീട് 2019ലെ ഏകദിന ലോകകപ്പിൽ കളിക്കാൻ എബിഡി താൽപര്യം പ്രകടിപ്പിച്ചെങ്കിലും ദക്ഷിണാഫിക്കൻ മാനേജ്‌മെന്‍റ് മുഖം തിരിച്ചു. എന്നാല്‍ ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ എബിഡിയെ തിരിച്ചെത്തിക്കാന്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയ്‌ക്ക് ആലോചനയുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കായി വീണ്ടും കളിക്കാന്‍ ആഗ്രഹമുള്ളതായി കൊൽക്കത്തയ്‌ക്കെതിരായ ഐപിഎല്‍ മത്സരത്തിന് ശേഷം ഡിവില്ലിയേഴ്‌സ് സൂചിപ്പിക്കുകയും ചെയ്‌തു. 

'മിസ്റ്റര്‍ 360' എന്ന് വിശേഷിപ്പിക്കപ്പെടുന്ന എ ബി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കയ്‌ക്കായി 114 ടെസ്റ്റുകളില്‍ നിന്ന് 50.66 ശരാശരിയില്‍ 8765 റണ്‍സും 228 ഏകദിനങ്ങളില്‍ 53.5 ശരാശരിയില്‍ 9577 റണ്‍സും നേടിയിട്ടുണ്ട്. ടി20യില്‍ 78 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 26.12 ശരാശരിയില്‍ 1672 റണ്‍സും നേടി. ടെസ്റ്റില്‍ 22ഉം ഏകദിനത്തില്‍ 25ഉം സെഞ്ചുറികള്‍ സ്വന്തമാക്കി. 

ഐപിഎല്ലില്‍ മിന്നും ഫോമിലാണ് ഇത്തവണ എ ബി ഡിവില്ലിയേഴ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മൂന്ന് മത്സരങ്ങളില്‍ 125 റണ്‍സ് നേടി. 48, 1, 76* എന്നിങ്ങനെയാണ് സ്‌കോര്‍. 189.39 സ്‌ട്രൈക്ക് റേറ്റിലാണ് ഇക്കുറി ബാറ്റ് വീശുന്നത്. ഐപിഎല്‍ കരിയറിലാകെ 172 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 4974 റണ്‍സ് പേരിലാക്കിയ താരത്തിന് അമ്പരപ്പിക്കുന്ന 40.77 ശരാശരിയും 152.67 സ്‌ട്രൈക്ക് റേറ്റുമുണ്ട്. മൂന്ന് ശതകങ്ങളും 39 അര്‍ധ സെഞ്ചുറികളും എബിഡിയുടെ ഐപിഎല്‍ കരിയറിന്‍റെ മാറ്റ് കൂട്ടുന്നു. 

ടി20 ലോകകപ്പ്: ബൗച്ചറുടെ വിളിക്കായി കാത്തിരിക്കുന്നുവെന്ന് ഡിവില്ലിയേഴ്സ്