ഐപിഎല്ലില്‍ കഴിഞ്ഞ കുറച്ച് സീസണുകളായി ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നുണ്ട് ആന്ദ്രേ റസല്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ തോല്‍വിക്ക് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ കെകെആറിന്‍റെ അടുത്ത മത്സരം കളിക്കുന്നത് സംശയത്തിലാണ്. സണ്‍റൈസേഴ്‌സിനെതിരെ മൂന്ന് വിക്കറ്റ് നേടിയെങ്കിലും വെറും 13 പന്തുകള്‍ എറിഞ്ഞ ശേഷം റസല്‍ മുടന്തി മൈതാനം വിട്ടിരുന്നു. പിന്നീട് ബാറ്റിംഗിന് ഇറങ്ങിയെങ്കിലും അദേഹം പ്രയാസപ്പെടുന്നത് കാണാമായിരുന്നു. മൂന്ന് റണ്‍സേ റസല്‍ നേടിയുള്ളൂ. 

ഐപിഎല്ലില്‍ കഴിഞ്ഞ കുറച്ച് സീസണുകളായി ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നുണ്ട് ആന്ദ്രേ റസല്‍. നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ റസലിന് പലപ്പോഴും കഴിഞ്ഞില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 2.1 ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് റസല്‍ സ്വന്തമാക്കിയിരുന്നു. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, മൂന്നാമന്‍ രാഹുല്‍ ത്രിപാഠി, യുവതാരം അഭിഷേക് ശര്‍മ്മ എന്നീ നിര്‍ണായക വിക്കറ്റുകളാണ് റസല്‍ നേടിയത്. തന്‍റെ മൂന്നാം ഓവറിലെ ആദ്യ പന്ത് എറിഞ്ഞതിന് പിന്നാലെ കാലിന് വേദനയനുഭവപ്പെട്ട് താരം മൈതാനം വിടുകയായിരുന്നു. പിന്നീട് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എത്തിയാണ് ഈ ഓവര്‍ പൂര്‍ത്തിയാക്കിയത്. സീസണില്‍ ആദ്യമായാണ് റസല്‍ പന്തെറിഞ്ഞത്. കൊല്‍ക്കത്ത മുമ്പ് കളിച്ച മൂന്ന് മത്സരങ്ങളിലും റസല്‍ ബൗള്‍ ചെയ്‌തിരുന്നില്ല. 

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനാവാതെ ആന്ദ്രേ റസലിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാനേജ്‌മെന്‍റ് കളിപ്പിക്കില്ല. ബാറ്റും പന്തും കൊണ്ട് മത്സരം ഒറ്റയ്‌ക്ക് മാറ്റി മറിക്കാന്‍ കഴിവുള്ള റസല്‍ കെകെആറിന്‍റെ പ്രധാന താരങ്ങളിലൊരാളാണ്. റസലിന് കളിക്കാനാവാതെ വന്നാല്‍ മുംബൈക്കെതിരെ ജേസന്‍ റോയി, ടിം സൗത്തി, ലിറ്റണ്‍ ദാസ് എന്നിവരുടെ പേരുകളാണ് കൊല്‍ക്കത്ത പരിഗണിക്കുക. ഫോമിലാവാത്ത ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന് പകരം ജേസന്‍ റോയിയേയും റസലിന് പകരം ലിറ്റണേയും കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ 16 ഞായറാഴ്‌ചയാണ് മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം. 

കോഴിക്കോട് തീപാറും, വടക്കൻമണ്ണിൽ കണക്കുവീട്ടാന്‍ ബ്ലാസ്റ്റേഴ്‌സ്; ഞായറാഴ്‌ച ബെംഗളൂരു എഫ്‌സിക്കെതിരെ