ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ ആയിരിക്കും ഇതെന്ന് പല ആരാധകരും ഉറപ്പിച്ചുകഴിഞ്ഞു

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നാല് കിരീടം നേടി നല്‍കിയ ഇതിഹാസ നായകന്‍ എം എസ് ധോണിയുടെ അവസാന സീസണായിരിക്കും ഇതെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ ഹോം മത്സരത്തിന് ശേഷം ധോണിക്ക് വമ്പന്‍ യാത്രയപ്പ് എന്ന് തോന്നിക്കുന്ന രംഗങ്ങളാണ് ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. ഇതോടെ ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ ആയിരിക്കും ഇതെന്ന് പല ആരാധകരും ഉറപ്പിച്ചുകഴിഞ്ഞു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍. 

അടുത്ത സീസണിലും എം എസ് ധോണി കളിക്കും എന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. അതിനാല്‍ എപ്പോഴത്തേയും പോലെ ആരാധകര്‍ ഞങ്ങളെ തുടര്‍ന്നും പിന്തുണയ്‌ക്കുമെന്നാണ് കരുതുന്നത് എന്നാണ് ഫ്രാഞ്ചൈസി പുറത്തുവിട്ട വീഡിയോയില്‍ കാശി വിശ്വനാഥന്‍ പറയുന്നത്. നാല്‍പ്പത്തിയൊന്നുകാരനായ എം എസ് ധോണി ഈ സീസണില്‍ സിഎസ്‌കെയുടെ എല്ലാ മത്സരങ്ങളിലും കളിച്ചിരുന്നു. ധോണിയുടെ ഫിനിഷിംഗ് മികവ് ആരാധകര്‍ കാണുകയും ചെയ്‌തു. നേരിയ പരിക്കിനോട് പടവെട്ടിയാണ് ഈ പ്രായത്തിലും ധോണി മൈതാനത്ത് സജീവമായിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഐപിഎല്‍ കരിയറില്‍ 247 മത്സരങ്ങളില്‍ 5076 റണ്‍സ് നേടിയിട്ടുണ്ട് സിഎസ്‌കെ ആരാധകരുടെ 'തല'. 

പൂര്‍ണമായും ധോണിമയമായിരുന്ന ചെപ്പോക്കിലെ ഹോം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 6 വിക്കറ്റിന്‍റെ തോല്‍വി നേരിട്ടു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്നോട്ടുവെച്ച 145 റണ്‍സ് വിജയലക്ഷ്യം കെകെആർ 18.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കുകയായിരുന്നു. പവർപ്ലേയില്‍ മൂന്ന് വിക്കറ്റ് നേടി ദീപക് ചാഹര്‍ കെകെആറിനെ വിറപ്പിച്ചെങ്കിലും ഇതിന് ശേഷം റിങ്കു സിംഗ്-നിതീഷ് റാണ വെടിക്കെട്ടില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു ചെന്നൈ. റിങ്കു 43 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായപ്പോള്‍ റാണ 44 ബോളില്‍ 57* റണ്‍സുമായി പുറത്താവാതെ നിന്നു. തോറ്റെങ്കിലും പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന സിഎസ്‌കെ പ്ലേ ഓഫ് സാധ്യത കൈവിട്ടിട്ടില്ല.

Read more: തല ഫാന്‍സ് ഇരമ്പിയാര്‍ത്തു, ധോണി ചോദ്യം കേട്ടില്ല; ഒടുക്കം സ്‌പീക്കറിന്‍റെ ശബ്‌ദം സ്വയം കൂട്ടി!

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News