ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഇതുവരെ 30 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ വന്നത്

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ഞായറാഴ്‌ചത്തെ രണ്ടാം മത്സരം ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ്. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫിലേക്ക് കണ്ണുംനട്ടിരിക്കുന്ന ടീമാണ് എം എസ് ധോണിയുടെ സിഎസ്‌കെ എങ്കില്‍ അതിജീവനത്തിനുള്ള പോരാട്ടത്തിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്. മോഖ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ മഴ പെയ്യുമോ എന്ന സംശയത്തിലാണ് ആരാധകര്‍. 

എന്നാല്‍ ചെപ്പോക്കിലെ മത്സരത്തിന് മഴ ഭീഷണിയില്ല എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. മഴമേഘങ്ങള്‍ മൂടിയ കാലാവസ്ഥയായിരിക്കും എങ്കിലും മത്സരത്തെ ഒരു തരത്തിലും ബാധിക്കില്ല എന്ന സൂചന ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ്. പ്രത്യേകിച്ച് ഹോം ഗ്രൗണ്ടില്‍ എം എസ് ധോണിയുടെ മത്സരം കാണാനായി കാത്തിരിക്കുന്ന തല ഫാന്‍സിന്. സീസണില്‍ ഇതിന് മുമ്പ് ചെപ്പോക്കില്‍ നടന്ന എല്ലാ മത്സരങ്ങളിലും തല ഫാന്‍സിനെ കൊണ്ട് ഗ്യാലറി നിറഞ്ഞിരുന്നു. ഇന്നും ചെപ്പോക്കില്‍ ആരാധകര്‍ എത്തുക അവരുടെ ക്യാപ്റ്റന്‍റെ മത്സരം കാണാനായിരിക്കും. സീസണില്‍ 12 മത്സരങ്ങളില്‍ 15 പോയിന്‍റുമായി പട്ടികയില്‍ രണ്ടാമതുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 

ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഇതുവരെ 30 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ 19 മത്സരങ്ങളില്‍ ജയം സിഎസ്‌കെയ്‌ക്ക് ഒപ്പം നിന്നു. 10 മത്സരങ്ങളിലേ കൊല്‍ക്കത്തയ്‌ക്ക് ജയിക്കാനായുള്ളൂ. ചെപ്പോക്കിലെ ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്കോര്‍ 163 ആണ്. സ്‌പിന്നര്‍മാരെ പൊതുവെ തുണയ്‌ക്കുന്ന ചരിത്രമാണ് ചെപ്പോക്കിലെ പിച്ചിനുള്ളത്. എന്നാല്‍ ഈ സീസണിലെ ആദ്യ കുറച്ച് മത്സരങ്ങളില്‍ പിച്ച് ബാറ്റിംഗിനെ തുണച്ചു. ചെപ്പോക്കില്‍ ഇന്ത്യന്‍സമയം 7.30നാണ് ചെന്നൈ-കൊല്‍ക്കത്ത മത്സരം ആരംഭിക്കുക. 

Read more: എന്തൊക്കെയാണ് നടക്കുന്നത്? ലഖ്‌നൗ ഡഗൗട്ടിലേക്ക് നട്ടും ബോള്‍ട്ടും ഏറ്! ഇറങ്ങിയോടി താരങ്ങളും സ്റ്റാഫും