രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസിന് ഇറങ്ങുന്നതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏതെങ്കിലുമൊരു ടീമിനെ 200 മത്സരങ്ങളില്‍ നയിക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടം ധോണിയുടെ പേരിലാകും

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഇതിഹാസ നായകന്‍ എം എസ് ധോണിയെ കാത്തിരിക്കുന്നത് അത്യപൂര്‍വ റെക്കോര്‍ഡ‍്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്ന് ഇറങ്ങുന്നതോടെ സിഎസ്‌കെയെ 200 ഐപിഎല്‍ മത്സരങ്ങളില്‍ നയിക്കുന്ന നായകനാകും എം എസ് ധോണി. ഐപിഎല്ലില്‍ 200 മത്സരങ്ങളില്‍ ക്യാപ്റ്റനാകുന്ന ആദ്യ താരം എന്ന നേട്ടം ധോണി അടുത്തിടെ സ്വന്തമാക്കിയിരുന്നു. സിഎസ്‌കെയ്‌ക്ക് വിലക്ക് വന്ന കാലത്ത് 2016ല്‍ പൂനെ റൈസിംഗ് ജയന്‍റ്‌സിനെ കൂടി നയിച്ചത് ഉള്‍പ്പെടെയായിരുന്നു ഈ കണക്ക്. 

രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസിന് ഇറങ്ങുന്നതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏതെങ്കിലുമൊരു ടീമിനെ 200 മത്സരങ്ങളില്‍ നയിക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടം ധോണിയുടെ പേരിലാകും. ഐപിഎല്ലില്‍ മുമ്പൊരു ക്യാപ്റ്റനും ഒരു ടീമിനെയും 200 മത്സരങ്ങളില്‍ നയിച്ചിട്ടില്ല. 2008ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ തുടക്കം മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ നായകനാണ് എം എസ് ധോണി. ഇതിന് ശേഷം 14 സീസണുകളിലായി 199 മത്സരങ്ങളില്‍ സിഎസ്‌കെയുടെ ക്യാപ്റ്റന്‍റെ തൊപ്പിയണിഞ്ഞു. നാല് കിരീടങ്ങളുമായി ഐപിഎല്ലിലെ ഏറ്റവും വിജയമുള്ള രണ്ടാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് എം എസ് ധോണി. അതേസമയം ഒന്‍പത് ഫൈനലുകളില്‍ സിഎസ്‌കെയെ ധോണി എത്തിച്ചു. ഐപിഎല്ലില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ 4482 റണ്‍സ് ധോണിക്കുണ്ട്. 4881 റണ്‍സ് ആര്‍സിബിക്കായി നേടിയ വിരാട് കോലി മാത്രമാണ് മുന്നിലുള്ളത്. സിഎസ്‌കെയെയും റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്‌സിനേയും 207 മത്സരങ്ങളില്‍ നയിച്ചപ്പോള്‍ ധോണിക്ക് 123 ജയങ്ങള്‍ നേടാനായി. 

ചെപ്പോക്കില്‍ തിങ്ങിനിറഞ്ഞ സ്വന്തം കാണികള്‍ക്ക് മുന്നിലാകും റെക്കോര്‍ഡിടാന്‍ എം എസ് ധോണി ഇന്നിറങ്ങുക. വൈകിട്ട് ഇന്ത്യന്‍ സമയം ഏഴരയ്‌ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം തുടങ്ങുക. രാജസ്ഥാനെതിരെ വിജയിച്ച് ധോണിക്ക് ഉചിതമായ ആദരം നല്‍കാനാണ് ലക്ഷ്യമിടുന്നത് എന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ വ്യക്തമാക്കിക്കഴി‌ഞ്ഞു. 'സിഎസ്‌കെയുടെ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഇതിഹാസമാണ് ധോണി. ധോണിക്ക് എല്ലാ ആശംസകളും നേരുന്നു. രാജസ്ഥാനെതിരെ വിജയിച്ച് സിഎസ്‌കെയുടെ 200-ാം ക്യാപ്റ്റന്‍സി മത്സരത്തില്‍ അദേഹത്തിന് ആദരം നല്‍കാന്‍ ലക്ഷ്യമിടുന്നതായുമാണ്' ജഡേജയുടെ വാക്കുകള്‍.

എണ്ണാന്‍ പറ്റുമെങ്കില്‍ എണ്ണിക്കോ സഞ്ജുവിന്‍റെ നോ-ലുക്ക് സിക്‌സുകള്‍- വീഡിയോ