മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്ന് റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു

ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിലും ബാറ്റിംഗ് പരാജയമായതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റര്‍ അമ്പാട്ടി റായുഡുവിനെതിരെ ആരാധകര്‍. ഇങ്ങനെയാണ് തുടര്‍ന്നും പ്രകടനം എങ്കില്‍ വിരമിച്ച് പൊക്കൂടേ എന്നാണ് റായുഡുവിനോട് ആരാധകരുടെ ചോദ്യം. ചേസിംഗില്‍ സിഎസ്‌കെയ്‌ക്ക് 36 പന്തില്‍ 73 റണ്‍സ് വേണ്ടവേ ഇംപാക്‌ട് പ്ലെയറായി ക്രീസിലെത്തിയ റായുഡു വെറും ഒരു റണ്ണെടുത്ത് പുറത്തായിരുന്നു. ഇതാടെ രാജസ്ഥാന്‍ റോയല്‍സിനാണ് ഇംപാക്‌ട് ലഭിച്ചത് എന്ന് ആരാധകര്‍ പരിഹസിക്കുന്നു. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിംഗ്‌സിലെ 15-ാം ഓവറില്‍ യുസ്‌വേന്ദ്ര ചഹലിനെ ഡീപ് മിഡ് വിക്കറ്റിലൂടെ പറത്താനുള്ള റായുഡുവിന്‍റെ ശ്രമം ഷിമ്രോന്‍ ഹെറ്റ്‌മയറുടെ ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. ഇതോടെയാണ് ആരാധകര്‍ ഇറങ്ങിയത്. സിഎസ്‌കെയ്‌ക്കായി നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. വിരമിക്കാന്‍ വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു എന്നായിരുന്നു ഒരു ആരാധകന്‍റെ ട്വീറ്റ്. റായുഡുവിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കണം, മഹീഷ് തീക്‌ഷന അദേഹത്തേക്കാള്‍ കൂടുതല്‍ റണ്‍സ് നേടി, ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയെത്തുമ്പോള്‍ പാഡഴിക്കും മുന്നേ മൊബൈല്‍ എടുത്ത് വിരമിക്കല്‍ ട്വീറ്റ് ചെയ്യൂ എന്നിങ്ങനെ നീളുന്നു റായുഡുവിന് എതിരായ ട്രോള്‍ പരിഹാസങ്ങള്‍. 

മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്ന് റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. രാജസ്ഥാൻ മുന്നോട്ടുവെച്ച 176 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിഎസ്‌കെയ്‌ക്ക് 20 ഓവറില്‍ ആറ് വിക്കറ്റിന് 172 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ദേവോൺ കോൺവെ(50) അർധ സെഞ്ചുറി നേടിയപ്പോൾ എം എസ് ധോണി(17 പന്തില്‍ 32*), രവീന്ദ്ര ജ‍ഡേജ(15 പന്തില്‍ 25*) എന്നിവര്‍ തിളങ്ങിയിട്ടും ഫലമുണ്ടായില്ല. മറുവശത്ത് രാജസ്ഥാനായി രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചഹലും രണ്ട് വിക്കറ്റുകൾ വീതം നേടി. സന്ദീപ് ശര്‍മ്മ എറിഞ്ഞ അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ 21 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ധോണി രണ്ട് സിക്‌സുകള്‍ നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല.

Read more: സിഎസ്‌കെയ്‌ക്ക് തോല്‍വിക്കൊപ്പം പരിക്കിന്‍റെ പരീക്ഷയും; താരത്തിന് കുറഞ്ഞത് 2 ആഴ്‌ച നഷ്‌ടമാകും