Asianet News MalayalamAsianet News Malayalam

മഴ ഒരുവശത്ത്; മറുവശത്ത് ധോണി ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഫാഫ് ഡുപ്ലസിസ്

അഹമ്മദാബാദില്‍ തകര്‍ത്തുപെയ്യുന്ന മഴ ചെന്നൈ സൂപ്പര്‍ കിംഗ‌്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്

IPL 2023 Final CSK vs GT I hope MS Dhoni play one more season of the IPL says Faf Du Plessis jje
Author
First Published May 28, 2023, 10:07 PM IST

അഹമ്മദാബാദ്: ഇടവിട്ടുള്ള കനത്ത മഴ കാരണം ഐപിഎല്‍ പതിനാറാം സീസണ്‍ ഫൈനല്‍ വൈകുന്നതിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ആര്‍സിബി താരം ഫാഫ് ഡുപ്ലസിസ്. സിഎസ്‌കെ നായകന്‍ എം എസ് ധോണി ഒരു സീസണ്‍ കൂടി ഐപിഎല്ലില്‍ കളിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഫാഫ് ഡുപ്ലസി സ്റ്റാര്‍ സ്പോര്‍ട്‌സില്‍ പറഞ്ഞു. ഐപിഎല്‍ 2023 ധോണിയുടെ അവസാന സീസണായിരിക്കും എന്ന അഭ്യൂഹം സജീവമായിരിക്കേയാണ് സിഎസ്‌കെയില്‍ സഹതാരം കൂടിയായിരുന്ന ധോണിയെ കുറിച്ച് ഫാഫിന്‍റെ നിര്‍ണായക വാക്കുകള്‍. 

അഹമ്മദാബാദില്‍ തകര്‍ത്തുപെയ്യുന്ന മഴ ചെന്നൈ സൂപ്പര്‍ കിംഗ‌്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ടോസ് ഇടേണ്ട സമയമായിരുന്ന ഏഴ് മണിക്ക് മുമ്പ് ആരംഭിച്ച മഴ പലകുറി മാറി നിന്നെങ്കിലും വീണ്ടും കനത്തില്‍ പെയ്‌തത് കാര്യങ്ങള്‍ അവതാളത്തിലാക്കുകയായിരുന്നു. ഇടയ്‌ക്ക് മഴ മാറി പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട വാംഅപ് പ്രാക്‌ടീസിനായി തയ്യാറെടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പിന്നാലെ വീണ്ടും കനത്ത മഴയെത്തി. സമയം രാത്രി 9.35 പിന്നിട്ടതോടെ ഇന്ന് ഫൈനല്‍ നടന്നാല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കുമെന്ന് ഉറപ്പായി. ഇന്ന് മത്സരം നടത്താന്‍ സാധിച്ചില്ലെങ്കില്‍ റിസര്‍വ് ദിനമായ തിങ്കളാഴ്‌ചയാകും ഫൈനല്‍ പൂര്‍ത്തിയാക്കുക. എന്നാല്‍ നാളെയും അഹമ്മദാബാദില്‍ മഴ പ്രവചിച്ചിട്ടുണ്ട്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ചാം കിരീടത്തിലേക്ക് നയിക്കാനാണ് എം എസ് ധോണി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയിരിക്കുന്നത്. അഞ്ചാം കിരീടം നേടിയാല്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ ധോണിക്കാവും. കപ്പോടെ ധോണി വിരമിക്കും എന്ന് പ്രതീക്ഷിച്ച് ഫൈനല്‍ കാണാന്‍ സിഎസ്‌കെ, ധോണി ആരാധകര്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയിരിക്കുകയാണ്. സ്റ്റേഡിയത്തിലെ ഗ്യാലറി പൂര്‍ണമായും മഞ്ഞക്കടലായി. ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിനേക്കാള്‍ പതിന്‍മടങ്ങ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരെയാണ് സ്റ്റേഡിയത്തില്‍ ദൃശ്യമാകുന്നത്. ഐപിഎല്ലില്‍ സിഎസ്‌കെയെ നാല് കിരീടത്തിലേക്ക് നയിച്ച ധോണിയുടെ പേരില്‍ 249 കളികളില്‍ 5082 റണ്‍സുണ്ട്. 

Read more: ഐപിഎല്‍ കലാശപ്പോരിന് ഓവറുകള്‍ വെട്ടിചുരുക്കുമെന്ന് ഉറപ്പായി! എന്നാല്‍ എത്രത്തോളം? പുതിയ വിവരങ്ങള്‍ പുറത്ത്


 

Follow Us:
Download App:
  • android
  • ios