Asianet News MalayalamAsianet News Malayalam

ധോണിയുടെ തന്ത്രങ്ങള്‍ പൂട്ടിക്കെട്ടിച്ച വെടിക്കെട്ട്; 21കാരന്‍ സായ് സുദര്‍ശന് റെക്കോര്‍ഡ്

ടൈറ്റന്‍സിനെ അനായാസം 200 കടത്തിയ വെടിക്കെട്ടുമായി സായ് സുദര്‍ശന്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു

IPL 2023 Final CSK vs GT Sai Sudharsan has scored the highest score for an uncapped player in an IPL final jje
Author
First Published May 29, 2023, 9:38 PM IST

അഹമ്മദാബാദ്: വെറും സായ് സുദര്‍ശന്‍ അല്ല, മാ'സായി' സുദര്‍ശന്‍! ഐപിഎല്‍ 2023ന്‍റെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിനായി തകര്‍പ്പന്‍ ഫിഫ്റ്റി നേടിയ സായ് സുദര്‍ശനെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാവും ഉചിതം. മൂന്നാമനായി ക്രീസിലെത്തി ചെന്നൈയുടെ ഏതൊരു ബൗളറേയും കൂസാതെ 47 പന്തില്‍ 8 ഫോറും 6 സിക്‌സും പറത്തി 96 റണ്‍സുമായാണ് സായ് ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ മടങ്ങിയത്. ടൈറ്റന്‍സിനെ അനായാസം 200 കടത്തിയ വെടിക്കെട്ടുമായി സായ് സുദര്‍ശന്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു. 

ഐപിഎല്‍ ഫൈനലുകളുടെ ചരിത്രത്തില്‍ അണ്‍ക്യാപ്‌ഡ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സായ് സുദര്‍ശന്‍ തന്‍റെ പേരില്‍ എഴുതിച്ചേര്‍ത്തത്. വെറും 21 വയസ് മാത്രമുള്ളപ്പോഴാണ് തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ ശ്രദ്ധേയ താരമായ സായ് റെക്കോര്‍ഡ് സ്ഥാപിച്ചത്. ഇന്നിംഗ്‌സിലെ 20-ാം ഓവറില്‍ സിഎസ്‌കെയുടെ ലങ്കന്‍ പേസര്‍ മതീഷ പരിതാന എല്‍ബിയിലൂടെ സായ് സുദര്‍ശനെ പുറത്താക്കുകയായിരുന്നു. താരം അപ്പീല്‍ നല്‍കിയെങ്കിലും അംപയറുടെ തീരുമാനം ടെലിവിഷന്‍ അംപയര്‍ ശരിവെച്ചു. ഓവര്‍ പൂര്‍ത്തിയാകാന്‍ മൂന്ന് പന്ത് കൂടി ശേഷിക്കേ നാല് റണ്‍സ് കൂടി കണ്ടെത്തിയിരുന്നെങ്കില്‍ സുദര്‍ശന് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സെഞ്ചുറികളിലൊന്ന് സ്വന്തമാക്കാമായിരുന്നു. 

എങ്കിലും 47 പന്തില്‍ 96 റണ്‍സെടുത്ത് പുറത്തായ സായ് സുദര്‍ശന്‍റെ കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് പടുത്തുയര്‍ത്തിയത്. 20 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 214 റണ്‍സിലെത്തി ടൈറ്റന്‍സ്. ഓപ്പണർമാരായ ശുഭ്‌മാന്‍ ഗില്‍ 20 പന്തില്‍ 39 റണ്‍സും വൃദ്ധിമാന്‍ സാഹ 39 പന്തില്‍ 54 റണ്‍സും നേടി മടങ്ങിയപ്പോള്‍ റാഷിദ് ഖാന്‍ അക്കൗണ്ട് തുറക്കാതെ പുറത്തായി. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 12 പന്തില്‍ 21* റണ്‍സുമായി പുറത്താവാതെ നിന്നു. ഐപിഎല്ലിലെ അഞ്ചാം കിരീടം എം എസ് ധോണിക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും സ്വന്തമാക്കണമെങ്കില്‍ 215 റണ്‍സ് വേണം. 

Read more: മാ'സായ്' സുദര്‍ശന്‍! ഐപിഎല്‍ കലാശപ്പോരില്‍ ഗുജറാത്തിനെതിരെ ധോണിപ്പടയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം

Follow Us:
Download App:
  • android
  • ios