ഫൈനല്‍ നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്ന ഇന്നലെ ഞായറാഴ്‌ച കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വര്‍ഷവും കാരണം മത്സരം നടത്താന്‍ കഴിയാതെ വരികയായിരുന്നു

അഹമ്മദാബാദ്: സൂര്യന്‍ കത്തി നിന്ന പകലിന് ശേഷം മുന്‍ നിശ്ചയിച്ച പ്രകാരം വൈകിട്ട് ഏഴ് മണിക്ക് തന്നെ അഹമ്മദാബാദില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ 2023 കലാശപ്പോരിന് ടോസ് വീണിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ സിഎസ്‌കെ നായകന്‍ എം എസ് ധോണി ബൗളിംഗ് തെരഞ്ഞെടുത്തു. കൃത്യം ഏഴരയ്‌ക്ക് മത്സരം ആരംഭിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷയെങ്കിലും കളി പാതിവഴിയില്‍ മഴ തടസപ്പെടുത്താനുള്ള സാധ്യത കാലാവസ്ഥാ പ്രവചനങ്ങള്‍ നല്‍കുന്നുണ്ട്. അഹമ്മദാബാദ് നഗരം ലക്ഷ്യമാക്കി വലിയ മേഘക്കൂട്ടവും ഇടിമിന്നലും കാറ്റും കച്ച് പ്രദേശത്ത് നിന്ന് പാഞ്ഞടുക്കുന്നതായാണ് കാലാവസ്ഥാ ബ്ലോഗറായ ആന്ധ്രാപ്രദേശ് വെതര്‍മാന്‍റെ ട്വീറ്റ്. 

ഫൈനല്‍ നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്ന ഇന്നലെ ഞായറാഴ്‌ച കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വര്‍ഷവും കാരണം മത്സരം നടത്താന്‍ കഴിയാതെ വരികയായിരുന്നു. ഇതോടെയാണ് റിസര്‍വ് ദിനമായ ഇന്നത്തേക്ക് ഫൈനല്‍ മാറ്റിവച്ചത്. ഇതുവരെ മഴ പെയ്യാത്തതിനാല്‍ അഹമ്മദാബാദില്‍ ഇന്ന് കൃത്യം ഏഴരയ്‌ക്ക് മത്സരം ആരംഭിക്കാനാകും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. എങ്കിലും മത്സരത്തിനിടെ മഴ പെയ്യാന്‍ സാധ്യതയുള്ളത് ആരാധകരുടെ ആവേശം കുറയ്‌ക്കും. 

Scroll to load tweet…
Scroll to load tweet…

മത്സരം കാണാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ വലിയ ആരാധകക്കൂട്ടമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ചെന്നൈയില്‍ നിന്നടക്കം ഇന്നലെ എത്തിയ ആരാധകര്‍ ഫൈനല്‍ കാണാനായി ഇന്നുവരെ കാത്തിരിക്കുകയായിരുന്നു. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ സിഎസ്‌കെ അഞ്ചാം കിരീടം ലക്ഷ്യമിടുമ്പോള്‍ കപ്പ് നിലനിര്‍ത്തുകയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തിലുള്ള ഗുജറാത്ത് ടൈറ്റന്‍സ് പ്രതീക്ഷിക്കുന്നത്. ഐപിഎല്‍ കരിയറില്‍ എം എസ് ധോണിയുടെ 250-ാം മത്സരം എന്ന സവിശേഷതയും ഇന്നത്തെ ഫൈനലിനുണ്ട്. അതിനാല്‍ ധോണിയാണ് സിഎസ്‌കെ-ടൈറ്റന്‍സ് കലാശപ്പോരിലെ ശ്രദ്ധാകേന്ദ്രം. ഇന്ന് കപ്പുയര്‍ത്തിയാല്‍ അഞ്ച് കിരീടമുള്ള രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡിന് ധോണി ഒപ്പമെത്തും. 

Read more: ഐപിഎല്‍ ഫൈനലില്‍ ഇന്നും മഴ കളിച്ചാല്‍ എന്ത് ചെയ്യും? നിയമങ്ങളും കട്ട്‌ഓഫ് ടൈമുകളും വിശദമായി