അര്‍ബുദത്തെ കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം സമൂഹത്തില്‍ സൃഷ്‌ടിക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ മെയ് 15ന് ഗുജറാത്ത് ടൈറ്റന്‍സ് അവരുടെ അവസാന ഹോം മത്സരത്തിന് ഇറങ്ങുക പ്രത്യേക ജേഴ്‌സി ധരിച്ച്. അര്‍ബുദത്തിന് എതിരായ പോരാട്ടങ്ങള്‍ക്ക് പിന്തുണയറിയിച്ചാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും പ്രത്യേക കുപ്പായം ധരിച്ച് കളത്തിലെത്തുക. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെയാണ് ടൈറ്റന്‍സിന്‍റെ അവസാന ഹോം മത്സരം. അര്‍ബുദത്തെ കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം സമൂഹത്തില്‍ സൃഷ്‌ടിക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. 

'ഇന്ത്യയിലും ലോകത്തും ലക്ഷക്കണക്കിന് മനുഷ്യരാണ് അര്‍ബുദത്തിന്‍റെ പിടിയിലുള്ളത്. ഈ രോഗത്തെ കുറിച്ച് ആളുകളില്‍ അവബോധം സൃഷ്‌ടിക്കാനുള്ള ചുമതല ടീമെന്ന നിലയില്‍ നമുക്കുണ്ട്. അര്‍ബുദ ബാധിതര്‍ക്കും, രോഗമുക്തി നേടിയവര്‍ക്കും അവരുടെയെല്ലാം കുടുംബങ്ങള്‍ക്കുമുള്ള പിന്തുണയറിക്കുന്നതിന്‍റെ ഭാഗമാണീ ദൗത്യം. ഞങ്ങളുടെ ഈ പരിശ്രമം മറ്റുള്ളവര്‍ക്കും പ്രചോദനമാകും, അവരും അര്‍ബുദത്തിന് എതിരായ പോരാട്ടങ്ങളുടെ ഭാഗമാകുമെന്ന് കരുതുന്നതായി' ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം എന്നത് ടൈറ്റന്‍സിന്‍റെ ക്യാംപയിന് കൂടുതല്‍ കരുത്ത് പകരും. 

ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഈ സീസണില്‍ 11 മത്സരങ്ങള്‍ കളിച്ചപ്പോള്‍ എട്ട് ജയവും 16 പോയിന്‍റുമായി തലപ്പത്തുണ്ട് ടൈറ്റന്‍സ്. ഇത്തവണയും കിരീടസാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. 13 പോയിന്‍റുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സും 12 നേടി മുംബൈ ഇന്ത്യന്‍സും 11 പോയിന്‍റുമായി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും പിന്നീടുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് 10 പോയിന്‍റുമായി നിലവില്‍ അഞ്ചാമതാണ്. പ്ലേ ഓഫ് സാധ്യത ഉറപ്പിക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളെല്ലാം സഞ‌്ജുവിനും കൂട്ടര്‍ക്കും നിര്‍ണായകമാണ്. 

Read more: 'കലിപ്പന്‍' കോലിയെ വിമര്‍ശിക്കുന്നവര്‍ ഇതുകൂടി കാണുക; സ്‌കൈയെ ഇതുപോലെ പ്രശംസിക്കാന്‍ കിംഗിനേ കഴിയൂ- വീഡിയോ

Asianet News Malayalam Live News | Karnataka Election 2023| Doctor Attack | Kerala Live TV News