Asianet News MalayalamAsianet News Malayalam

രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയില്‍ എനിക്ക് കളിക്കാനായിരുന്നെങ്കില്‍; ആഗ്രഹം മുന്‍ താരത്തിന്‍റേത്!

എലിമിനേറ്ററില്‍ നായകന്‍റെ തന്ത്രം കൊണ്ട് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് രോഹിത് ശര്‍മ്മ 81 റണ്‍സിന്‍റെ കൂറ്റന്‍ ജയം സമ്മാനിക്കുന്നത് ആരാധകര്‍ കണ്ടിരുന്നു 

IPL 2023 I wish I had played under his captaincy in my career Irfan Pathan lauds captain Rohit Sharma jje
Author
First Published May 25, 2023, 5:31 PM IST

ചെന്നൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നായകനാണ് മുംബൈ ഇന്ത്യന്‍സിന്‍റെ രോഹിത് ശര്‍മ്മയെന്ന് കണക്കുകള്‍ സാക്ഷി. അഞ്ച് കിരീടമാണ് ഹിറ്റ്‌മാന്‍റെ ക്യാപ്റ്റന്‍സി തൊപ്പിയില്‍ പൊന്‍തൂവലായുള്ളത്. ഇതേ രോഹിത്തിന്‍റെ വമ്പന്‍ തന്ത്രങ്ങളാണ് ഐപിഎല്‍ പതിനാറാം സീസണില്‍ തുടക്കത്തിലെ തോല്‍വികള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സിന്‍റെ ശക്തമായ തിരിച്ചുവരവിനും പ്ലേ ഓഫ് പ്രവേശനത്തിനും വഴിയൊരുക്കിയത്. അതിനാല്‍ ഹിറ്റ്‌മാന്‍റെ ക്യാപ്റ്റന്‍സിക്ക് വലിയ പ്രശംസ നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. 

പതിനാറാം സീസണ്‍ തുടങ്ങും മുമ്പേ തിരിച്ചടിയേറ്റ ടീമാണ് മുംബൈ ഇന്ത്യന്‍സ്. ടീമിന്‍റെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര പരിക്കേറ്റ് പുറത്തായി. മറ്റൊരു സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ടൂര്‍ണമെന്‍റിന് മധ്യേ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങി. ഇതോടെ എല്ലാ ശക്തിയും ചോര്‍ന്നു എന്ന് വിമര്‍ശകര്‍ കരുതിയൊരു ഉള്ള ബൗളിംഗ് നിരയെ നന്നായി ഉപയോഗിച്ച് പിന്നീടുള്ള മത്സരങ്ങളില്‍ രോഹിത് ശര്‍മ്മ ടീമിനെ ജയിപ്പിക്കുന്നതാണ് ആരാധകര്‍ കണ്ടത്. സ്‌പിന്‍ നിരയില്‍ വെറ്ററന്‍ പീയുഷ് ചൗള രോഹിത്തിന്‍റെ വജ്രായുധം ആയപ്പോള്‍ യുവതാരങ്ങളെ കൂടുതലായി ആശ്രയിച്ച് മികച്ച ഫലമുണ്ടാക്കുന്ന രോഹിത്തിന്‍റെ ക്യാപ്റ്റന്‍സി സീസണില്‍ ആരാധകര്‍ കണ്ടു. എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 3.3 ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആകാശ് മധ്‌വാള്‍ 5 വിക്കറ്റ് നേടിയത് ഇതിന് ഒരു ഉദാഹരണം. തിലക് വര്‍മ്മ, നെഹാല്‍ വധേര, ആകാശ് മധ്‌വാള്‍ എന്നിങ്ങനെ ഭാവി ഇന്ത്യന്‍ ടീമിലേക്ക് യുവ താരങ്ങളെ ഹിറ്റ്‌മാന്‍ മിനുക്കിയെടുത്ത സീസണാണ് ഇത്. 

ഇതിനാല്‍ തന്നെ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിക്ക് വമ്പന്‍ പ്രശംസയാണ് ഇര്‍ഫാന്‍ പത്താന്‍ നല്‍കുന്നത്. 'രോഹിത് ബൗളര്‍മാരുടെ ക്യാപ്റ്റനാണ്. ബൗളര്‍മാരെ നന്നായി ഉപയോഗിക്കുകയും യുവതാരങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. എന്‍റെ കരിയറില്‍ രോഹിത് ശര്‍മ്മയ്‌ക്ക് കീഴില്‍ കളിക്കാനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു' എന്നുമാണ് സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെ ഇര്‍ഫാന്‍ പത്താന്‍റെ വാക്കുകള്‍. 'ആകാശ് മധ്‌വാള്‍ സംസാരിക്കുന്നതെല്ലാം രോഹിത് ശര്‍മ്മയെ കുറിച്ചാണ്. കഴിഞ്ഞ രണ്ട് മാസക്കാലം ഹിറ്റ്‌മാന്‍ തന്നെ സഹായിച്ചതിനെ പറ്റി. തന്‍റെ പ്രകടനത്തിന് പിന്നില്‍ 50 ശതമാനം ഹിറ്റ്‌മാന്‍റെ നിര്‍ദേശങ്ങളാണ്' എന്നും ആകാശ് പറഞ്ഞതായി താരത്തിന്‍റെ പരിശീലകന്‍ ദ് ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് വ്യക്തമാക്കിയിരുന്നു. 

Read more: സിഎസ്‌കെ ഒക്കെ മാറി നില്‍ക്കണം; മുംബൈ ഇന്ത്യന്‍സിന്‍റേത് റെക്കോര്‍ഡ് വിജയം

Follow Us:
Download App:
  • android
  • ios