ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെ നടത്തിയ ഓണ്‍ലൈന്‍ പോളിംഗിലാണ് റിങ്കു സിംഗിന്‍റെ ഇന്നിംഗ്‌സ് ആരാധകര്‍ തെരഞ്ഞെടുത്തത്

കൊല്‍ക്കത്ത: അവസാന അഞ്ച് പന്തില്‍ ജയിക്കാന്‍ 28 വേണ്ടപ്പോള്‍ എല്ലാ പന്തുകളും സിക്‌സര്‍ പറത്തുക. ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഇങ്ങനെ അമ്പരപ്പിച്ച താരമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ റിങ്കു സിംഗ്. അവിശ്വസനീയമായ ഇന്നിംഗ്‌സില്‍ റിങ്കുവിനെ ക്രിക്കറ്റ് ലോകം വാനോളം പുകഴ്‌ത്തിയിരുന്നു. ഇതില്‍ അവസാനിക്കുന്നില്ല, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയ ഇന്നിംഗ്‌സാണ് റിങ്കു സിംഗ് കാഴ്‌ചവെച്ചത് എന്നാണ് ആരാധകരുടെ പുതിയ പ്രതികരണം. 

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെ നടത്തിയ ഓണ്‍ലൈന്‍ പോളിംഗിലാണ് റിങ്കു സിംഗിന്‍റെ ഇന്നിംഗ്‌സ് ആരാധകര്‍ തെരഞ്ഞെടുത്തത്. 81 ശതമാനം പേര്‍ റിങ്കു സിംഗിന് അനുകൂലമായി വോട്ട് ചെയ്‌തു. ടൈറ്റന്‍സിന് പിന്നാലെ സണ്‍റൈസേഴ്‌സിന് എതിരായ മത്സരത്തിലും താരം തിളങ്ങിയിരുന്നു. 31 പന്തില്‍ നാല് വീതം ഫോറും സിക്‌സുമായി പുറത്താവാതെ 58* റണ്‍സാണ് റിങ്കു സിംഗ് നേടിയത്. 

വിസ്‌മയ ഇന്നിംഗ്‌സ് ഇങ്ങനെ

ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 205 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ കെകെആറിന് അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സാണ് വേണ്ടിയിരുന്നത്. യഷ് ദയാലിന്‍റെ ആദ്യ പന്തില്‍ ഉമേഷ് യാദവ് സിംഗിള്‍ എടുത്തപ്പോള്‍ പിന്നീടുള്ള അഞ്ച് പന്തുകളില്‍ 28 റണ്‍സ് കൊല്‍ക്കത്തയ്‌ക്ക് വേണമെന്നായി. എന്നാല്‍ പിന്നിടുള്ള അഞ്ച് പന്തുകളും സിക്‌സറിന് പറത്തി റിങ്കു സിംഗ് കൊല്‍ക്കത്തയ്ക്ക് മൂന്ന് വിക്കറ്റിന്‍റെ ഐതിഹാസിക ജയം സമ്മാനിക്കുകയായിരുന്നു. റിങ്കു സിംഗ് 21 പന്തില്‍ ഒരു ഫോറും 6 സിക്‌സും സഹിതം 48* റണ്‍സുമായി പുറത്താവാതെ നിന്നു. ആദ്യ 14 പന്തില്‍ എട്ട് റണ്‍സ് മാത്രം നേടിയ ശേഷം അടുത്ത ഏഴ് പന്തുകളില്‍ താരം 40 (6, 4, 6, 6, 6, 6, 6) റണ്‍സടിച്ചു. 

Scroll to load tweet…

Read more: ഇന്നലെ വരെ വിമര്‍ശിച്ചവരുടെ വായടപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം; ആഞ്ഞടിച്ച് ഹാരി ബ്രൂക്ക്