13 പന്തില്‍ ഐപിഎല്ലിലെ വേഗമേറിയ ഫിഫ്റ്റി കണ്ടെത്തിയ യശസ്വി ജയ്‌സ്വാളിനെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകര്‍

കൊല്‍ക്കത്ത: അടിയെന്നൊക്കെ പറഞ്ഞാല്‍ തല്ലുമാല, ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അവരുടെ തട്ടകത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 9 വിക്കറ്റിന്‍റെ അവിശ്വസനീയ ജയം നേടിയത് ബാറ്റ് കൊണ്ടുള്ള ആറാട്ടിലായിരുന്നു. 21 വയസ് മാത്രമുള്ള ഓപ്പണര്‍ യശസ്വി ജയ്സ്വാളും ക്യാപ്റ്റന്‍ സഞ്ജു സാംസണും ആളിക്കത്തിച്ച തീപ്പൊരി വെടിക്കെട്ടാണ് രാജസ്ഥാന് മിന്നും ജയമൊരുക്കിയത്. ജയ്‌സ്വാള്‍ 47 പന്തില്‍ 98* റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ 13 പന്തില്‍ ഐപിഎല്ലിലെ വേഗമേറിയ ഫിഫ്റ്റി കണ്ടെത്തിയ യശസ്വി ജയ്‌സ്വാളിനെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകര്‍. കൂള്‍ ക്യാപ്റ്റന്‍ സഞ്ജുവിനുമുണ്ട് ആരാധകരുടെ ഏറെ പ്രശംസ. 

ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്തയെ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 149-8 എന്ന സ്കോറില്‍ തളച്ചപ്പോള്‍ നിതീഷ് റാണയുടെ ആദ്യ ഓവറില്‍ 26 റണ്‍സടിച്ചാണ് യശസ്വി ജയ്‌സ്വാള്‍ റോയല്‍സിന്‍റെ മറുപടി ബാറ്റിംഗ് തുടങ്ങിയത്. പിന്നാലെ അടുത്ത ഓവറില്‍ ജോസ് ബട്‌ലര്‍(0) ആന്ദ്രേ റസലിന്‍റെ ത്രോയില്‍ പുറത്തായെങ്കിലും 121 റണ്‍സിന്‍റെ ഐതിഹാസിക കൂട്ടുകെട്ടുമായി രാജസ്ഥാന് ത്രില്ലര്‍ ജയമൊരുക്കുകയായിരുന്നു ജയ്‌സ്വാള്‍-സഞ്ജു സഖ്യം. ജയ്‌സ്വാള്‍ 47 പന്തില്‍ 13 ഫോറും 5 സിക്‌സും സഹിതം 98* ഉം സഞ്ജു 2 ഫോറും 5 സിക്‌സും ഉള്‍പ്പടെ 48* ഉം റണ്‍സ് നേടിയപ്പോള്‍ വെറും 13.1 ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് ഒരു വിക്കറ്റ് മാത്രം ലക്ഷ്യത്തില്‍ ജയത്തിലെത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വന്‍ സ്രാവാണ് യശസ്വി ജയ്‌സ്വാള്‍ എന്നുറപ്പിക്കുകയാണ് ഇതോടെ ആരാധകര്‍. നിരവധി പേരാണ് യശസ്വിയുടെ അവിശ്വസനീയ വെടിക്കെട്ടിന് പ്രശംസയുമായി സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. 

നേരത്തെ, ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രാജസ്ഥാന്‍ 149ല്‍ ചുരുട്ടിക്കെട്ടുകയായിരുന്നു. യുസ്‌വേന്ദ്ര ചാഹല്‍ നാലും ട്രെന്‍റ് ബോള്‍ട്ട് രണ്ടും സന്ദീപ് ശര്‍മ്മയും കെ എം ആസിഫും ഓരോ വിക്കറ്റും വീഴ്‌ത്തിയപ്പോള്‍ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമായി. 42 പന്തില്‍ 57 റണ്‍സ് നേടിയ വെങ്കടേഷ് അയ്യര്‍ മാത്രമേ കൊല്‍ക്കത്ത നിരയ്‌ക്കായി തിളങ്ങിയിള്ളൂ. ക്യാപ്റ്റന്‍ നിതീഷ് റാണ 22 റണ്‍സെടുത്ത് പുറത്തായി. ഓപ്പണര്‍മാരായ ജേസന്‍ റോയി(10), റഹ്‌മാനുള്ള ഗുര്‍ബാസ്(18) എന്നിവരും തിളങ്ങിയില്ല. 

ജയ്‌സ്വാളിനും സഞ്ജുവിനുമുള്ള പ്രശംസകള്‍ കാണാം

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

Read more: ഇരട്ട സിക്‌സോടെ മാസ് തുടക്കം, 13 പന്തില്‍ ക്ലാസ് ഫിഫ്റ്റി; റെക്കോര്‍ഡിട്ട് യശസ്വി ജയ്‌സ്വാള്‍

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News