ശസ്‌ത്രക്രിയക്ക് ശേഷം കെ എല്‍ രാഹുലിന് എപ്പോള്‍ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചുവരാം എന്ന് ഇപ്പോള്‍ വ്യക്തമല്ല

മുംബൈ: ഐപിഎല്‍ പതിനാറാം സീസണിനിടെ പരിക്കേറ്റ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെ എല്‍ രാഹുലിന്‍റെ ശസ്‌ത്രക്രിയ വിജയകരം. വലത്തേ കാല്‍ത്തുടയ്‌ക്കായിരുന്നു രാഹുലിന് പരിക്കേറ്റത്. ശസ്‌ത്രക്രിയ വിജയകരമായി നടത്തിയതിന് ഡോക്‌ടര്‍മാര്‍ക്കും മറ്റ് മെഡിക്കല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും രാഹുല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചു. പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ അവശേഷിക്കുന്ന മത്സരങ്ങളും ജൂണ്‍ ഏഴ് മുതല്‍ ഓവലില്‍ ഓസ്ട്രേലിയക്ക് എതിരെ നടക്കാന്‍ പോകുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും രാഹുലിന് നഷ്‌ടമാകുമെന്ന് നേരത്തെ ഉറപ്പായിരുന്നു. 

ശസ്‌ത്രക്രിയക്ക് ശേഷം കെ എല്‍ രാഹുലിന് എപ്പോള്‍ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചുവരാം എന്ന് ഇപ്പോള്‍ വ്യക്തമല്ല. ഒക്‌ടോബര്‍ മാസം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് തയ്യാറാവുകയാവും രാഹുലിന്‍റെ മുന്നിലുള്ള ലക്ഷ്യം. ശസ്‌ത്രക്രിയ പൂര്‍ത്തിയായതോടെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാവും ഇനി രാഹുലിന്‍റെ തുടര്‍ ചികില്‍സയും പരിശീലനവും. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് രാഹുലിന്‍റെ കാലിന് സാരമായി പരിക്കേറ്റത്. പിന്നാലെ മൈതാനം വിട്ട താരം ബാറ്റിംഗിന് അവസാനക്കാരനായി തിരിച്ചെത്തിയെങ്കിലും മുടന്തി ബാറ്റ് ചെയ്‌തത് ഏവരേയും കണ്ണീരിലാഴ്‌ത്തിയിരുന്നു. 

കഴിഞ്ഞ ഒരു വര്‍ഷമായി പരിക്ക് കെ എല്‍ രാഹുലിനെ പിന്തുടരുകയാണ്. 2022 ജൂണില്‍ പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പര നഷ്‌ടമായി. ഇതിന് ശേഷം ഏഷ്യാ കപ്പും ട്വന്‍റി 20 ലോകകപ്പ് മത്സരങ്ങളും അടക്കമുള്ളവ കളിച്ചെങ്കിലും ബിഗ് സ്കോറുകള്‍ നേടുന്നതില്‍ താരം പരാജയമായി. ടീമിലെ വൈസ് ക്യാപ്റ്റന്‍സി നഷ്‌ടമാവുകയും ചെയ്‌തു. ഐപിഎല്‍ പതിനാറാം സീസണില്‍ രാഹുലിന്‍റെ മോശം സ്‌ട്രൈക്ക് റേറ്റ് വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. ഏകദിന ലോകകപ്പ് സ്‌ക്വാഡിലേക്ക് രാഹുല്‍ മടങ്ങിയെത്തിയാല്‍ അത് ടീമിന് ആശ്വാസമാകും. അഞ്ചാം നമ്പറില്‍ 45 ശരാശരിയിലും 90 സ്ട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്യുന്നയാളാണ് രാഹുല്‍. പരിക്ക് വേഗം ഭേദമായാല്‍ ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പില്‍ കളിക്കാനുള്ള അവസരവും രാഹുലിന് മുന്നിലുണ്ട്. 

Read more: 'കലിപ്പന്‍' കോലിയെ വിമര്‍ശിക്കുന്നവര്‍ ഇതുകൂടി കാണുക; സ്‌കൈയെ ഇതുപോലെ പ്രശംസിക്കാന്‍ കിംഗിനേ കഴിയൂ- വീഡിയോ

Asianet News Malayalam Live News | Karnataka Election 2023| Doctor Attack | Kerala Live TV News