ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് അപ്രതീക്ഷിത തോല്‍വി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് വഴങ്ങിയപ്പോള്‍ നാണംകെട്ട് നായകന്‍ കെ എല്‍ രാഹുല്‍ 

ലഖ്‌നൗ: പഴിയെല്ലാം ഒരിക്കല്‍ക്കൂടി കെ എല്‍ രാഹുലിന്. ഓപ്പണറായി ഇറങ്ങി 19.2 ഓവര്‍ ക്രീസില്‍ നിന്നിട്ടും, അര്‍ധ സെഞ്ചുറി നേടിയിട്ടും ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ നായകന് ജയിപ്പിക്കാനായില്ല. അതും കുഞ്ഞന്‍ സ്കോര്‍ ലഖ്‌നൗ പിന്തുടര്‍ന്ന മത്സരത്തില്‍. ഐപിഎല്‍ പതിനാറാം സീസണില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 136 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ 61 പന്തില്‍ 68 റണ്‍സ് നേടിയിട്ടും രാഹുലിന് ടീമിനെ ജയിപ്പിക്കാനാവാതെ വരികയായിരുന്നു. ഇതോടെ നാണക്കേടിന്‍റെ ഒരു റെക്കോര്‍ഡ് രാഹുലിന്‍റെ പേരിലായി. 

ഐപിഎല്‍ ചരിത്രത്തില്‍ കുറഞ്ഞത് 60 പന്തെങ്കിലും ഒരു മത്സരത്തില്‍ നേരിട്ട ബാറ്റര്‍മാരില്‍ മൂന്നാമത്തെ മോശം സ്‌ട്രൈക്ക് റേറ്റ് എന്ന നാണക്കേടാണ് കെ എല്‍ രാഹുലിന്‍റെ പേരിലായത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 61 പന്തില്‍ 68 റണ്‍സ് രാഹുല്‍ നേടിയപ്പോള്‍ 111.48 മാത്രമായിരുന്നു സ്‌ട്രൈക്ക് റേറ്റ്. 2009ല്‍ മുംബൈ ഇന്ത്യന്‍സ്- പഞ്ചാബ് കിംഗ്‌സ് മത്സരത്തില്‍ 63 പന്തില്‍ 59 റണ്‍സ് മാത്രം നേടിയ ജെപി ഡുമിനിയാണ് നാണക്കേടിന്‍റെ പട്ടികയില്‍ തലപ്പത്ത്. 93.65 ആയിരുന്നു അന്ന് ഡുമിനിയുടെ സ്‌ട്രൈക്ക് റേറ്റ്. 2014ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് കളിയില്‍ 62 പന്തില്‍ 68 നേടിയ ആരോണ്‍ ഫിഞ്ചാണ് രണ്ടാമത്. ഫിഞ്ചിന്‍റെ സ്ട്രൈക്ക് റേറ്റ് 109.68 ആയിരുന്നു.

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും അവിശ്വസനീയമായ തിരിച്ചുവരവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ ഏഴ് റണ്‍സിന് തോല്‍പിക്കുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 7 വിക്കറ്റിന് 128 റണ്‍സെടുക്കാനേയായുള്ളൂ. നായകന്‍ കെ എല്‍ രാഹുല്‍ 61 പന്തില്‍ 68 റണ്‍സ് നേടിയെങ്കിലും അവസാന അഞ്ച് ഓവറില്‍ ഇഴഞ്ഞുനീങ്ങിയതാണ് ലഖ്‌നൗവിന് തിരിച്ചടിയായത്. ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന മോഹിത് ശര്‍മ്മയുടെ 20-ാം ഓവറില്‍ രാഹുലടക്കം നാല് ലഖ്‌നൗ ബാറ്റര്‍മാര്‍ പുറത്തായി. ഇതോടെ അവിശ്വസനീയ ജയം എതിരാളികളുടെ മൈതാനത്ത് നേടുകയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയും സംഘവും. മോഹിത് ശര്‍മ്മയാണ് കളിയിലെ താരം.

Read more: 20-ാം ഓവറില്‍ 4 വിക്കറ്റ്! രാഹുല്‍ പടിക്കല്‍ കലമുടച്ചു; അവിശ്വസനീയ തിരിച്ചുവരവില്‍ ഗുജറാത്തിന് ജയം