ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസിനും 12 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനെ ചെപ്പോക്കില്‍ ജയിപ്പിച്ചപ്പോഴും ക്യാപ്റ്റന്‍ സഞ്ജു സാംസണിന് തിരിച്ചടി. സിഎസ്‌കെയ്‌ക്ക് എതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് സഞ്ജുവിന് 12 ലക്ഷം രൂപ പിഴ വിധിച്ചു. കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസിനും 12 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. 

ചെപ്പോക്കില്‍ മൂന്ന് റണ്‍സിന്‍റെ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 176 റൺസിന്‍റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ പോരാട്ടം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു. സിഎസ്‌കെയ്‌ക്കായി ദേവോൺ കോൺവെ(50) അർധ സെഞ്ചുറി നേടിയപ്പോൾ എം എസ് ധോണി(17 പന്തില്‍ 32*), രവീന്ദ്ര ജ‍ഡേജ(15 പന്തില്‍ 25*) എന്നിവരും തിളങ്ങി. രാജസ്ഥാനായി രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചഹലും രണ്ട് വിക്കറ്റുകൾ വീതം നേടി. സന്ദീപ് ശര്‍മ്മ എറിഞ്ഞ അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ 21 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ രണ്ട് സിക്‌സുകള്‍ നേടിയെങ്കിലും അവസാന പന്തില്‍ 5 റണ്‍സ് വേണ്ടവേ ധോണിക്ക് സിക്‌സോടെ ഫിനിഷ് ചെയ്യാനായില്ല. 

നേരത്തെ രാജസ്ഥാന്‍ റോയല്‍സിനായി അർധ സെഞ്ചുറിയോടെ ജോസ് ബട്‍ലർ(52) ഫോം തുടര്‍ന്നപ്പോള്‍ ദേവദത്ത് പടിക്കൽ(38), ഷിമ്രോന്‍ ഹെറ്റ്മെയർ(30*) എന്നിവരും തിളങ്ങി. നായകന്‍ സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തില്‍ പുറത്തായി. യശ്വസി ജയ്‌സ്‌വാള്‍(10), രവിചന്ദ്ര അശ്വിന്‍(30), ധ്രുവ് ജൂരല്‍(4), ജേസന്‍ ഹോള്‍ഡര്‍(2), ആദം സാംപ(1) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. ചെന്നൈക്കായി ആകാശ് സിംഗും തുഷാര്‍ ദേശ്‌പാണ്ഡെയും രവിചന്ദ്ര അശ്വിനും രണ്ട് വീതവും മൊയീന്‍ അലി ഒരു വിക്കറ്റും നേടി. 

സഞ്ജുവിനെ കണ്ട് പഠിക്കണം യുവതാരങ്ങള്‍; ജയിച്ചിട്ടും ധോണിക്ക് വമ്പന്‍ പ്രശംസ