ക്രിക്കറ്റ് ആരാധകരില്‍ പരിസ്ഥിതി അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ട് 2011ലാണ് ആര്‍സിബി പച്ച ജേഴ്‌സി ആദ്യമായി അവതരിപ്പിച്ചത്

ബെംഗളൂരു: പാരിസ്ഥിതിക അവബോധം വളർത്തുന്നതിനായി ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പച്ച ജേഴ്‌സി ധരിച്ച് ഇത്തവണയും കളിക്കും. ഏപ്രില്‍ 23ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ആര്‍സിബി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിക്കുക. ഐപിഎല്‍ പതിനാറാം സീസണിലെ 32-ാം മത്സരമാണിത്. താരങ്ങൾ ധരിക്കുന്ന ജേഴ്‌സിക്കായി പൂർണമായും പുനരുപയോഗിച്ച വസ്‌‌തുക്കളാണ് ഉപയോഗിച്ചത്.

ക്രിക്കറ്റ് ആരാധകരില്‍ പരിസ്ഥിതി അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ട് 2011ലാണ് ആര്‍സിബി പച്ച ജേഴ്‌സി ആദ്യമായി അവതരിപ്പിച്ചത്. 2021 സീസണില്‍ കൊവിഡ് ഫ്രണ്ട്‌ലൈന്‍ വര്‍ക്കേര്‍സിനുള്ള ആദരമായി പ്രത്യേക നീല കുപ്പായം അണിഞ്ഞത് മാറ്റിനിര്‍ത്തിയാല്‍ 2011 മുതല്‍ എല്ലാ സീസണിലും ആര്‍സിബി പച്ച ജേഴ്‌സി ധരിച്ച് മൈതാനത്തിറങ്ങിയിട്ടുണ്ട്. 2020, 2021, 2022 സീസണുകളില്‍ കൊവിഡ് ഭീതിയെ തുടര്‍ന്ന് മത്സരങ്ങള്‍ മറ്റ് വേദികളിലാണ് നടത്തിയത് എന്നതിനാല്‍ 2019ന് ശേഷം ഇതാദ്യമായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഹോം ഗ്രൗണ്ടില്‍ ഗ്രീന്‍ ജേഴ‌്‌സിയില്‍ ഇറങ്ങുന്നത്. ഗ്രീന്‍ ജേഴ്‌സിയില്‍ ആര്‍സിബി ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍ മൂന്ന് മത്സരത്തിലാണ് ടീം ജയിച്ചത്. എട്ട് കളികളില്‍ എതിരാളികള്‍ക്കായിരുന്നു വിജയം. മൂന്ന് മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്‌തവരും എട്ടില്‍ രണ്ടാമത് ബാറ്റെടുത്തവരും വിജയിച്ചു. ഒരു മത്സരത്തിന് ഫലമുണ്ടായിരുന്നില്ല. 

ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് മുന്നോടിയായി പച്ച ജേഴ്‌സി ആര്‍സിബി പുറത്തുവിട്ടു. നായകന്‍ ഫാഫ് ഡുപ്ലസിസ്, മുന്‍ നായകന്‍ വിരാട് കോലി, വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരാണ് പച്ച ജേഴ്‌സിയണിഞ്ഞ് ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തത്. ഗോ ഗ്രീന്‍ എന്ന തലക്കെട്ടോടെയായിരുന്നു ആര്‍സിബിയുടെ ട്വീറ്റ്. 

Scroll to load tweet…

Read more: ലസിത് മലിംഗയും റാഷിദ് ഖാനും പിന്നില്‍; വിക്കറ്റ് വേട്ടയില്‍ അതിവേഗ സെഞ്ചുറി തികച്ച് റബാഡ