ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌‌ക്കാണ് രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം ആരംഭിക്കുക

ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്ന ദിവസമാണിത്. എം എസ് ധോണി എന്ന ഇതിഹാസ നായകന്‍ പടനയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് എതിരാളികള്‍. വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍മാരായ സഞ്ജും ധോണിയും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തിനായി ഇരു ടീമിന്‍റെയും ആരാധകര്‍ കാത്തിരിപ്പിലാണ്. മത്സരത്തിന് മുമ്പ് സഞ്ജു ഫാന്‍സിന് ഒരു ആശ്വാസ വാര്‍ത്തയുണ്ട്. ഇന്നത്തെ രാജസ്ഥാന്‍-ചെന്നൈ സൂപ്പര്‍ പോരാട്ടം എല്ലാ ത്രില്ലോടെയും ആരാധകര്‍ക്ക് ആസ്വദിക്കാം. 

മത്സരവേദിയായ ജയ്‌പൂരില്‍ ഇന്ന് മഴയ്‌ക്ക് സാധ്യതയില്ല എന്നാണ് കാലാവസ്ഥാ പ്രവചനം. വൈകുന്നേരത്തോടെ താപനില 25 ഡിഗ്രി സെല്‍ഷ്യസായി താഴും. മഴമേഘങ്ങളുണ്ടാകുമെങ്കിലും മത്സരത്തെ ബാധിക്കുന്ന തരത്തില്‍ മഴയൊന്നും പ്രവചിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ 20 ഓവര്‍ വീതമുള്ള സമ്പൂര്‍ണ മത്സരം ഇന്നുണ്ടാകും. ബാറ്റിംഗിനെയും ബൗളിംഗിനേയും ഒരുപോലെ തുണയ്‌ക്കുന്നതാണ് സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലെ പിച്ച്. ചേസ് ചെയ്യുന്ന ടീമുകള്‍ക്കാണ് വിജയസാധ്യത കൂടുതല്‍ എന്നതിനാല്‍ ടോസ് നേടുന്നവര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.

ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌‌ക്കാണ് രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം ആരംഭിക്കുക. സീസണില്‍ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ ചെന്നൈ അഞ്ചിലും രാജസ്ഥാന്‍ നാലിലും വിജയിച്ചു. ചെപ്പോക്കില്‍ മൂന്ന് റണ്‍സിന് നേരിട്ട തോല്‍വിക്ക് കണക്ക് തീര്‍ക്കാൻ ധോണിപ്പട ജയ്‌പൂരിലെത്തുമ്പോൾ തുടര്‍ തോൽവികളിൽ നിന്ന് കരകയറുകയാണ് സഞ്ജുവിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം. ഇന്ന് വൻ മാര്‍ജിനിൽ ജയിച്ചാൽ രാജസ്ഥാന് പോയിന്‍റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താം. തുടര്‍ തോല്‍വികളോടെയാണ് രാജസ്ഥാന്‍ നേരത്തെയുണ്ടായിരുന്ന ഒന്നാംസ്ഥാനം കൈവിട്ടത്. 

Read more: ധോണിക്കുമുണ്ട് കണക്ക് വീട്ടാന്‍; ആശങ്കകള്‍ നിറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്