അവസാന ഓവറുകളില്‍ സ്റ്റോയിനിസും പുരാനും ക്രീസിലുണ്ടായിട്ടും ലഖ്‌നൗവിന് മികച്ച സ്കോറിലെത്താനായില്ല

ജയ്‌പൂര്‍: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ നിശ്ചിത 20 ഓവറില്‍ 154-7 എന്ന സ്കോറില്‍ തളച്ച് രാജസ്ഥാന്‍ റോയല്‍സ്. പതിഞ്ഞ തുടക്കത്തിന് ശേഷം താളം കണ്ടെത്തിയ ലഖ്‌നൗവിനെ തുടര്‍ തിരിച്ചടികള്‍ നല്‍കി രാജസ്ഥാന്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയിനിസും നിക്കോളാസ് പുരാനും ക്രീസിലുണ്ടായിട്ടും ലഖ്‌നൗവിന് മികച്ച സ്കോറിലെത്താനായില്ല. രാജസ്ഥാനായി അശ്വിന്‍ രണ്ടും ബോള്‍ട്ടും ഹോള്‍ഡറും സന്ദീപും ഓരോ വിക്കറ്റും നേടി. നാല് ഓവറില്‍ 23 റണ്‍സിനാണ് അശ്വിന്‍റെ രണ്ട് വിക്കറ്റ്. 51 റണ്‍സെടുത്ത കെയ്‌ല്‍ മെയേഴ്‌സാണ് ലഖ്‌നൗവിന്‍റെ ടോപ് സ്കോറര്‍. 

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റേത് പതിഞ്ഞ തുടക്കമായിരുന്നു. കെ എല്‍ രാഹുലിനൊപ്പം കെയ്‌ല്‍ മെയേഴ്‌സ് ഓപ്പണറായി ഇറങ്ങിയെങ്കിലും പവര്‍പ്ലേയിലെ ആറ് ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 37 റണ്‍സ് മാത്രമേ ലഖ്‌നൗ സ്കോര്‍ ബോര്‍ഡില്‍ പിറന്നുള്ളൂ. ഇതിനിടെ സന്ദീപ് ശര്‍മ്മയുടെ പന്തില്‍ കെ എല്‍ രാഹുലിന്‍റെ അനായാസ ക്യാച്ച് യശസ്വി ജയ്‌സ്വാള്‍ കൈവിട്ടു. പിന്നാലെ ബോള്‍ട്ടിന്‍റെ ഓവറില്‍ ജേസന്‍ ഹോള്‍ഡറും രാഹുല്‍ നല്‍കിയ അവസരം പാഴാക്കി. പവര്‍പ്ലേയ്‌‌ക്കിടെ മൂന്ന് ഓവര്‍ എറിഞ്ഞ ട്രെന്‍ഡ് ബോള്‍ട്ട് 14 റണ്‍സേ വഴങ്ങിയുള്ളൂ. എന്നാല്‍ നിലയുറപ്പിച്ച ശേഷം ആഞ്ഞടിക്കാനുള്ള ലഖ്‌നൗവിന്‍റെ പദ്ധതി 11-ാം ഓവറില്‍ ജേസന്‍ ഹോള്‍ഡര്‍ പൊളിച്ചു. 32 പന്തില്‍ 39 റണ്‍സെടുത്ത രാഹുലിനെ ജോസ് ബട്‌ലറുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. 

ഇതിന് പിന്നാലെ ആയുഷ് ബദോനിയെ ബൗള്‍ഡാക്കി ബോള്‍ട്ട് ലഖ്‌നൗവിന് രണ്ടാം പ്രഹരം നല്‍കി. നാല് പന്ത് നേരിട്ട ബദോനി ഒരു റണ്ണേ നേടിയുള്ളൂ. ഇതിനിടെ 40 പന്തില്‍ മെയേഴ്‌സ് ഫിഫ്റ്റി തികച്ചു. വൈകാതെ തന്നെ ദീപക് ഹൂഡയെ പുറത്താക്കി രവിചന്ദ്രന്‍ അശ്വിന്‍. നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത ഹൂഡ, ഹെറ്റ്‌മെയറുടെ പറക്കും ക്യാച്ചാണ് മടക്കിയത്. ഇതേ ഓവറില്‍ കെയ്‌ല്‍ മെയേര്‍സിനേയും പുറത്താക്കി അശ്വിന്‍ രാജസ്ഥാനെ മത്സരത്തിലേക്ക് ശക്തമായി കൊണ്ടുവന്നു. 41 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 51 റണ്‍സാണ് മെയേഴ്‌സിന്‍റെ സമ്പാദ്യം. മാര്‍ക്കസ് സ്റ്റോയിനിസും നിക്കോളാസ് പുരാനും ക്രീസില്‍ നില്‍ക്കേ 15 ഓവറില്‍ 109-4 എന്ന നിലയിലായിരുന്നു ലഖ്‌നൗ.

16-ാം ഓവറില്‍ ജേസന്‍ ഹോള്‍ഡര്‍ അഞ്ചും 17-ാം ഓവറില്‍ സന്ദീപ് ശര്‍മ്മ എട്ടും 18-ാം ഓവറില്‍ രവിചന്ദ്ര അശ്വിന്‍ ആറും റണ്‍സേ വഴങ്ങിയുള്ളൂ. 19-ാം ഓവറില്‍ ഹോള്‍ഡറെ തകര്‍ത്തടിച്ച് പുരാനും സ്റ്റോയിനിസും 17 റണ്‍സ് നേടി. അവസാന ഓവറില്‍ സന്ദീപ് ശര്‍മ്മ ഇരുവരേയും ചുരുട്ടിക്കെട്ടിയതോടെ ലഖ്‌നൗവിന്‍റെ ഇന്നിംഗ്‌സ് 154-7 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. നാലാം പന്തില്‍ സ്റ്റോയിനിസ്(16 പന്തില്‍ 21) സ‌ഞ്ജുവിന്‍റെ കൈകളിലെത്തി. ഒരു പന്തിന്‍റെ ഇടവേളയില്‍ പുരാനെ(20 പന്തില്‍ 29) സ‌ഞ്ജു ഗംഭീര ത്രോയില്‍ മടക്കി. അവസാന പന്തില്‍ യുധ്‌വിറിനെ(1 പന്തില്‍ 1) ഹെറ്റ്‌മെയറുടെ ത്രോയില്‍ സഞ്ജു സ്റ്റംപ് ചെയ്തു. ക്രുനാല്‍ പാണ്ഡ്യ(2 പന്തില്‍ 4*) പുറത്താവാതെ നിന്നു. 

Read more:വിമര്‍ശനങ്ങളോട് കടക്ക് പുറത്ത്; പരാഗിനെ വീണ്ടും ഇലവനിലുള്‍പ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്