ഈ സീസണിലെ 11 കളികളില്‍ 191 റണ്‍സ് മാത്രമേ രോഹിത് ശര്‍മ്മ നേടിയിട്ടുള്ളൂ

മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ഫോമില്ലായ്‌മയുടെ പേരില്‍ വലിയ വിമര്‍ശനം നേരിടുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. ടീം മൂന്നാം സ്ഥാനത്ത് ഉണ്ടെങ്കിലും ഒട്ടും പ്രതീക്ഷ നല്‍കുന്ന പ്രകടനമല്ല ക്യാപ്റ്റന്‍റെ ഭാഗത്ത് നിന്നുള്ളത്. ടീമിനെ ബാറ്റ് കൊണ്ട് മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിനാവില്ല. അതേസമയം മുംബൈ ഇന്ത്യന്‍സിലെ യുവതാരങ്ങള്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന സാഹചര്യത്തില്‍ ഹിറ്റ്‌മാന്‍റെ ഐപിഎല്‍ ഭാവി ചോദ്യം ചെയ്യുകയാണ് കിവീസ് മുന്‍താരവും കമന്‍റേറ്ററുമായ സൈമണ്‍ ഡൗല്‍. 

പ്രധാനപ്പെട്ട ഒരു താരം റണ്‍സ് കണ്ടെത്താതെ ടീം വിജയിക്കുന്ന സാഹചര്യത്തില്‍ ഫോമിലുള്ള താരങ്ങളില്‍ വിശ്വാസം കാട്ടണം. ഇതാണ് 2018ല്‍ സിഎസ്‌കെ ഷെയ്‌ന്‍ വാട്‌സണില്‍ കാട്ടിയ വിശ്വാസം. ടൂര്‍ണമെന്‍റിലുടനീളം കളിപ്പിച്ച വാട്‌സണ്‍ ഫൈനലില്‍ വിശ്വാസം കാത്തു. പവര്‍പ്ലേയില്‍ ഇഷാന്‍ കിഷന്‍ ഹിറ്റ് ചെയ്യുന്നത് ഇഷ്‌ടപ്പെടുന്നു. എന്നാലിത് രോഹിത്തിന് സാധിക്കുന്നില്ല. തിലക് വര്‍മ്മ ഫോമിലേക്ക് തിരിച്ചെത്തിയാല്‍ എന്ത് ചെയ്യും. ഫോമിലുള്ള നെഹാല്‍ വധേരയെ പുറത്തിരുത്താന്‍ കഴിയില്ല. കഴിഞ്ഞ നാലഞ്ച് മത്സരങ്ങള്‍ സൂര്യകുമാര്‍ യാദവിനെ സംബന്ധിച്ച് അവിശ്വസനീയമാണ്. എല്ലാ സിക്‌സുകളും ഗംഭീരം എന്നും സൈമണ്‍ ഡൗല്‍ പറഞ്ഞു. ഈ സീസണിലെ 11 മത്സരങ്ങളില്‍ 376 റണ്‍സ് സ്കൈ നേടിക്കഴിഞ്ഞു. 

അതേസമയം ഈ സീസണിലെ 11 കളികളില്‍ 191 റണ്‍സ് മാത്രമേ രോഹിത് ശര്‍മ്മ നേടിയിട്ടുള്ളൂ. അവസാനം നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ മത്സരത്തില്‍ രോഹിത് ശര്‍മ്മ ഏഴ് റണ്‍സില്‍ പുറത്തായിട്ടും മുംബൈ ഇന്ത്യന്‍സ് ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. മത്സരത്തില്‍ 34 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും സഹിതം പുറത്താവാതെ വധേര 52* റണ്‍സ് നേടി. ആര്‍സിബിക്കെതിരായ മത്സരം നഷ്‌ടമായെങ്കിലും ഈ സീസണില്‍ 9 മത്സരങ്ങളില്‍ 45.67 ശരാശരിയിലും 158.38 പ്രഹരശേഷിയിലും 274 റണ്‍സ് തിലക് വര്‍മ്മയ്‌ക്കുണ്ട്. 

Read more: ധോണിയുടെ പേര് വിളിച്ചതേയുള്ളൂ; തല പൊട്ടിപ്പോകുന്ന ശബ്‌ദത്തില്‍ ഇരമ്പി 'തല' ഫാന്‍സ്- വീഡിയോ