ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമാര്‍ന്ന ഫിഫ്റ്റിയുടെ റെക്കോര്‍ഡ് ഈ സീസണില്‍ യശസ്വി ജയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു

മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കിതച്ചപ്പോഴും കുതിച്ച താരമാണ് യശസ്വി ജയ്‌സ്വാള്‍. സീസണിലെ 14 മത്സരങ്ങളില്‍ 48.08 ശരാശരിയിലും 163.61 സ്ട്രൈക്ക് റേറ്റിലും 625 റണ്‍സ് നേടിയ ജയ്‌സ്വാള്‍ ഇതോടെ ഇന്ത്യന്‍ ടീമിലേക്ക് പ്രതീക്ഷ വയ്‌ക്കുകയാണ്. യശസ്വിക്ക് ടീം ഇന്ത്യയില്‍ അവസരം നല്‍കണം എന്ന് വാദിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസവും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. 

'ട്വന്‍റി 20 ഫോര്‍മാറ്റില്‍ ഒരു താരം 40-50 റണ്‍സുകള്‍ 20-25 പന്തില്‍ നേടുന്നുണ്ടെങ്കില്‍ അദേഹം ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. എന്നാല്‍ ഓപ്പണര്‍ എന്ന നിലയില്‍ 15 ഓവറുകള്‍ ബാറ്റ് ചെയ്യേണ്ടതുണ്ട്. അങ്ങനെ അയാള്‍ സെഞ്ചുറി നേടുന്നുണ്ടെങ്കില്‍ ടീം സ്കോര്‍ അനായാസമായി 190-200 കടക്കും. യശസ്വി ജയ്‌സ്വാള്‍ ഈ സീസണില്‍ ബാറ്റ് ചെയ്‌ത രീതി എന്നെ ഏറെ സന്തോഷിപ്പിച്ചു. അദേഹം മികച്ച സാങ്കേതികയുള്ള ബാറ്റര്‍ കൂടിയാണ്. യശസ്വിക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കേണ്ട സമയമായി. ഫോമിലുള്ളപ്പോള്‍ ഒരു താരത്തിന് അവസരം നല്‍കിയാള്‍ അയാളുടെ ആത്മവിശ്വാസം റോക്കറ്റ് പോലെ ഉയരും. ഫോമുള്ളപ്പോള്‍ രാജ്യാന്തര അരങ്ങേറ്റത്തിനുള്ള സമയമായോ എന്ന് താരങ്ങള്‍ ചിന്തിക്കും, ഫോമിലല്ലെങ്കില്‍ സംശയങ്ങളുണ്ടാകും' എന്നും സുനില്‍ ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമാര്‍ന്ന ഫിഫ്റ്റിയുടെ റെക്കോര്‍ഡ് ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തില്‍ യശസ്വി ജയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അണ്‍ക്യാപ്‌ഡ് താരമെന്ന നേട്ടവും ഈ സീസണിനിടെ താരം സ്വന്തമാക്കി. പതിനാറാം സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റര്‍ ജയ്‌സ്വാളാണ്. ഇതോടെ യശസ്വി ജയ്‌സ്വാളിനെ ഇന്ത്യന്‍ ടീമിലെടുക്കണം എന്ന ആവശ്യം ശക്തമാണ്. 

Read more: രാജസ്ഥാനെ അടിച്ചുകലക്കി സാം കറനും ഷാരൂഖ് ഖാനും; പുതിയ റെക്കോര്‍ഡ്

Karnataka Swearing-In Ceremony |Asianet News Live | Malayalam Live News |Kerala Live TV News