Asianet News MalayalamAsianet News Malayalam

ധവാന് മുന്നില്‍, 'തല' കുനിച്ചു; ത്രില്ലര്‍ പോരാട്ടത്തില്‍ ചെന്നൈയെ വീഴ്ത്തി ഡല്‍ഹി ഒന്നാമത്

ചെന്നൈ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി ശീഖര്‍ ധവാന്‍റെ ആദ്യ ഐപിഎല്‍ സെഞ്ചുറിയുടെ കരുത്തില്‍ ഡല്‍ഹി 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

IPL2020 Chennai Super Kings vs Delhi Capitals Live Update, DC beat CSK in thriller
Author
Sharjah - United Arab Emirates, First Published Oct 17, 2020, 11:22 PM IST

ഷാര്‍ജ:  ഡല്‍ഹിക്കുവേണ്ടി ശീഖര്‍ ധവാന്‍ മീശപിരിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് തല കുനിച്ച് മടങ്ങി. ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് ശീഖര്‍ ഖവാന്‍റെയും അക്സര്‍ പട്ടേലിന്‍റെയും പോരാട്ടവീര്യത്തിന് മുന്നില്‍ മുട്ടുമടക്കി.

ചെന്നൈ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി ശീഖര്‍ ധവാന്‍റെ ആദ്യ ഐപിഎല്‍ സെഞ്ചുറിയുടെ കരുത്തില്‍ ഡല്‍ഹി 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അഞ്ച് പന്തില്‍ മൂന്ന് സിക്സ് അടക്കം 21 റണ്‍സെടുത്ത അക്സര്‍ പട്ടേലിന്‍റെ പ്രകടനം ഡല്‍ഹി ജയത്തില്‍ നിര്‍ണായകമായി. ജയത്തോടെ ഡല്‍ഹി പോയന്‍റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ചെന്നൈ ആറാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവരില്‍ 179/4, ഡല്‍ഹി ക്യാപിറ്റല്‍സ് 19.5 ഓവറില്‍ 185/5.

നാടകീയം ജഡേജയുടെ അവസാന ഓവര്‍

അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് ജഡേജ വൈഡെറിഞ്ഞു. ജയത്തിലേക്ക് ആറ് പന്തില്‍ 16 റണ്‍സ്. രണ്ടാം പന്തില്‍ ധവാന്‍ സിംഗിളെടുത്ത് സ്ട്രൈക്ക് അക്സറിന് കൈമാറി. രണ്ടാം പന്തിലും മൂന്നാം പന്തിലും ജഡേജയെ ലോംഗ് ഓണിനും ലോംഗ് ഓഫിനും മുകളിലൂടെ സിക്സിന് പറത്തി അക്സര്‍ ലക്ഷ്യം മൂന്ന് പന്തില്‍ മൂന്നാക്കി ചുരുക്കി.നാലാം പന്തില്‍ രണ്ട് റണ്‍സ്. അഞ്ചാം പന്തില്‍ ജഡേജയെ ഗ്രൗണ്ടിന് പുറത്തേക്ക് സിക്സിന് പറത്തി അക്സര്‍ ഡല്‍ഹിയുടെ ജയം ആധികാരികമാക്കി.

ഷോ ഇല്ലാതെ ഷാ

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പൃഥ്വി ഷാ പൂജ്യനായി മടങ്ങുന്നത് കണ്ടാണ് ഡല്‍ഹി ഇന്നിംഗ്സ് തുടങ്ങിയത്. നേരിട്ട രണ്ടാം പന്തില്‍ ദീപക് ചാഹറാണ് പൃഥ്വി ഷായ സ്വന്തം ബൗളിംഗില്‍ പിടികൂടിയത്. അജിങ്ക്യാ രഹാനെയും ചേര്‍ന്ന് സ്കോര്‍ 26ല്‍ എത്തിച്ചെങ്കിലും ചാഹറിനെ ബൗണ്ടറി കടത്താനുള്ള രഹാനെയുടെ ശ്രമം പോയന്‍റില്‍ സാം കറന്‍റെ തകര്‍പ്പന്‍ ക്യാച്ചിലൊതുങ്ങി. 10 പന്തില്‍ എട്ട് റണ്‍സായിരുന്നു രഹാനെയുടെ നേട്ടം.

മീശപിരിച്ച് ധവാന്‍, മറുപടിയില്ലാതെ ചെന്നൈ

വിക്കറ്റുകള്‍ ഒരറ്റത്ത് പൊഴിയുമ്പോഴും തകര്‍ത്തടിച്ച ധവാന്‍ ഡല്‍ഹി സ്കോര്‍ നിരക്ക് താഴാതെ കാത്തു. ശ്രേയസ് അയ്യരെ(23) ബ്രാവോയും സ്റ്റോയിനസിനെ(14 പന്തില്‍ 24) ഷര്‍ദ്ദുല്‍ താക്കൂറും വീഴ്ത്തിയപ്പോള്‍ ധവാന്‍ നല്‍കിയ ഒന്നിലേറെ അവസരങ്ങള്‍ പാഴാക്കി ചെന്നൈ തോല്‍വി ചോദിച്ചുവാങ്ങി. അവസാന രണ്ടോവറില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ 21 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പത്തൊമ്പാതാം ഓവറില്‍ അലക്സ് ക്യാരിയെ(4) വീഴ്തത്തി സാം കറന്‍ നാല് റണ്‍സ് മാത്രം വഴങ്ങി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ചെന്നൈ വീണ്ടും വിജയം സ്വപ്നം കണ്ടു.

എന്നാല്‍ ഡ്വയിന്‍ ബ്രാവോയ്ക്ക് പകരം രണ്ട് ഇടം കൈയന്‍ ബാറ്റ്സ്മാന്‍മാര്‍ ക്രീസിലുള്ളപ്പോള്‍ രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിച്ച ധോണിയുടെ തീരുമാനം പിഴച്ചു. 57 പന്തില്‍ സെഞ്ചുറി തികച്ച ധവാന്‍ ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയാണ് ഇന്ന് സ്വന്തമാക്കിയത്.

Follow Us:
Download App:
  • android
  • ios