ഷാര്‍ജ: ക്രിസ് ഗെയ്ല്‍ ഗ്രൗണ്ടിലിറങ്ങിയാല്‍ പിന്നെ കളിക്കളത്തില്‍ രസകരമായ നിമിഷങ്ങള്‍ക്ക് ഒരു കുറവുമുണ്ടാകില്ല. ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ഗെയ്ല്‍ ബാറ്റിംഗിലല്ല, ഫീല്‍ഡിംഗിലാണ് തന്‍റെ സാന്നിധ്യം അറിയിച്ചത്.

അര്‍ഷദീപിന്‍റെ പന്തില്‍ ആരോണ്‍ ഫിഞ്ച് എഡ്ജ് ചെയ്തപ്പോള്‍ സ്ലിപ്പില്‍ വീണു പിടിച്ചശേഷമായിരുന്നു ഗെയ്‌ലിന്‍റെ രസകരമായ പ്രകടനം. പന്ത് കൈയിലെടുത്തശേഷം ഔട്ടെന്ന പോലെ അരിശത്തോടെ ഫിഞ്ചിന് സമീപത്തേക്ക് ഓടിയെത്തിയ ഗെയ്ല്‍, ഫിഞ്ചിനോട് എന്തോ പറഞ്ഞ ശേഷം പന്ത് ബൗളര്‍ക്ക് എറിഞ്ഞുകൊടുത്ത് തിരിച്ചു നടന്നു.

ഗെയ്‌ലിന്‍റെ പ്രകടനം കണ്ട് സഹതാരങ്ങള്‍ക്ക് പോലും ചിരി അടക്കാനുമായില്ല. സീസണില്‍ ഇതുവരെ കളത്തിലിറങ്ങാതിരുന്ന ഗെയ്‌ലിന് ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെക്കാനാകുമെന്നാണ് പഞ്ചാബിന്‍റെ പ്രതീക്ഷ.