അുബദാബി: ഐപിഎല്ലില്‍ ശീഖര്‍ ധവാന്‍ ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ധവാന്‍റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. 52 പന്തില്‍ 69 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ശീഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.

തുടക്കം മുട്ടിടിച്ച്

ടോസിലെ ഭാഗ്യം തുടക്കത്തില്‍ ഡല്‍ഹിക്ക് ബാറ്റിംഗിലുണ്ടായില്ല. ഓപ്പണര്‍ പൃഥ്വി ഷാൾ(4) ബോള്‍ട്ടിന്‍റെ ആദ്യ ഓവറില്‍ ക്രുനാല്‍ പാണ്ഡ്യക്ക് ക്യാച്ച് നല്‍കി മടങ്ങി. റിഷഭ് പന്തിന് പകരം എത്തിയ അജിങ്ക്യാ രഹാനെ ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും ക്രീസില്‍ അധികം ആയുസുണ്ടായില്ല. 15 പന്തില്‍ 15 റണ്‍സെടുത്ത രഹാനെയെ ക്രുനാല്‍ പാണ്ഡ്യ വിക്കറ്റിന് മുന്നില്‍ കുടുക്കി.

 

കോട്ട കാത്ത് അയ്യരും ധവാനും

24/2 ലേക്ക് കൂപ്പുകുത്തിയ ഡല്‍ഹിയെ ശീഖര്‍ ധവാനും ശ്രേയസ് അയ്യരും ചേര്‍ന്ന് കരകയറ്റി. മൂന്നാം വിക്കറ്റില്‍ 85 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇരുവരും ഡല്‍ഹിക്ക് മികച്ച സ്കോറിലേക്കുള്ള അടിത്തറയിട്ടു. 33 പന്തില്‍ 42 റണ്‍സെടുത്ത ശ്രേയസ് അയ്യരെ ക്രുനാല്‍ പാണ്ഡ്യ മടക്കിയശേഷം ക്രീസിലെത്തിയ സ്റ്റോയിനസ് മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ധവാനുമായുള്ള  ധാരണപ്പിശകില്‍ റണ്ണൗട്ടായത് ഡല്‍ഹിക്ക് തിരിച്ചടിയായി. 8 പന്തില്‍ 13 റണ്‍സായിരുന്നു സ്റ്റോയിനസിന്‍റെ സംഭാവന.

39 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ധവാന് അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ കഴിയാഞ്ഞതോടെ ഡല്‍ഹി സ്കോര്‍ 162 റണ്‍സിലൊതുങ്ങി. അവസാന നാലോവറില്‍ 35 റണ്‍സ് മാത്രമാണ് ഡല്‍ഹിക്ക് നേടാനായത്. മുംബൈക്കായി ക്രുനാല്‍ പാണ്ഡ്യ രണ്ടും ബോള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി.