അബുദാബി: ഐപിഎല്‍ രണ്ടാം പ്ലേ ഓഫില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് നല്ല തുടക്കം. ഹൈദരാബാദിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 65 റണ്‍സെടുത്തിട്ടുണ്ട്. 21 പന്തില്‍ 33 റണ്‍സുമായി മാര്‍ക്കസ് സ്റ്റോയിനിസും 16 പന്തില്‍ 30 റണ്‍സോടെ ശിഖര്‍ ധവാനും ക്രീസില്‍

മെല്ലെ തുടങ്ങി കത്തിക്കയറി

സന്ദീപ് ശര്‍മ എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത ഡല്‍ഹി ജേസണ്‍ ഹോള്‍ഡറുടെ രണ്ടാം ഓവറിലാണ് ആദ്യ ബൗണ്ടറി നേടിയത്. രണ്ടാം ഓവറില്‍ എട്ട് റണ്‍സടിച്ച ഡല്‍ഹി സന്ദീപ് ശര്‍മയുടെ മൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് നയം വ്യക്തമാക്കി. സന്ദീപിന്‍റെ പന്തില്‍ സ്റ്റോയിനിസ് നല്‍കിയ ക്യാച്ച് ഹോള്‍ഡര്‍ നിലത്തിട്ടത് ഹൈദരാബാദിന് കനത്ത തിരിച്ചടിയായി.

ജീവന്‍ കിട്ടിയ സ്റ്റോയിനസ് ഹോള്‍ഡര്‍ എറിഞ്ഞ നാലാം ഓവറില്‍ അടിച്ചു പറത്തിയതോടെ 18 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. ഹോള്‍ഡറുടെ ഓവറോടെ ടോപ് ഗിയറിലായ ധവാനും സ്റ്റോയിനിസും സന്ദീപിന്‍റെ അടുത്ത ഓവറില്‍ 11 റണ്‍സടിച്ച് ഡല്‍ഹി സ്കോര്‍ 50 എത്തിച്ചു. ഷഹബാസ് നദീം എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയ ധവാന്‍ നോബോളാള് രണ്ടാം പന്തില്‍ ബൗണ്ടറി നേടി. ഫ്രീ ഹിറ്റായ മൂന്നാം പന്തില്‍ ഒരു റണ്ണെടുക്കാനെ പക്ഷെ ധവാനായുള്ളു. എങ്കിലും പവര്‍പ്ലേയിലെ അവസാന ഓവറില്‍ 15 റണ്‍സടിച്ച് ഡല്‍ഹി ആറോവറില്‍ 65 റണ്‍സിലെത്തി.

കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഷെമ്രോണ്‍ ഹെറ്റ്മെയറും പ്രവീണ്‍ ദുബെയും  ഡല്‍ഹി ടീമിലെത്തി. ഡാനിയേല്‍ സാംസിന് പകരമാണ് ഹെറ്റ്മെയര്‍ ഡല്‍ഹി ടീമിലെത്തിയത്. പൃഥ്വി ഷാക്ക് പകരമാണ് പ്രവീണ്‍ ദുബെ അന്തിമ ഇലനിലെത്തിയത്. ബാംഗ്ലൂരിനെതിരായ എലിമിനേറ്റര്‍ ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. ഇന്ന് ജയിക്കുന്ന ടീം ചൊവ്വാഴ്ച  നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും.