ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് പതിഞ്ഞ തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഹൈദരാബാദ് ആറോവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 38 റണ്‍സെന്ന നിലയിലാണ്. 22 പന്തില്‍ 27 റണ്‍സുമായി ഡേവിഡ് വാര്‍ണറും 14 പന്തില്‍ റണ്‍സോടെ ജോണി ബെയര്‍സ്റ്റോയും ക്രീസില്‍.

കൊല്‍ക്കത്തെക്കെതിതിരെ എന്നപോലെ പവര്‍പ്ലേയില്‍ അടിച്ചുതകര്‍ക്കാന്‍ ഇത്തവണയും ഹൈദരാബാദിനായില്ല. ഡല്‍ഹിക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഇഷാന്ത് ശര്‍മ രണ്ടോവറില്‍ 12 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. റബാദ ആദ്യ ഓവറില്‍ അഞ്ചും, ആന്‍റിച്ച് നോര്‍ജെ രണ്ടോവറില്‍ 16ഉം സ്റ്റോയിനസും മൂന്ന് റണ്‍സും മാത്രമാണ് വഴങ്ങിയത്.

നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിംഗ് തെര‍ഞ്ഞെടുത്തു. കൊല്‍ക്കത്തയോട് കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് നിര്‍ണായക മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇന്നിറങ്ങിയത്.

അഫ്ഗാന്‍ താരം മുഹമ്മദ് നബിക്ക് പകരം ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഹൈദരാബാദ് ടീമില്‍ തിരിച്ചെത്തി. സീസണില്‍ വില്യംസണിന്‍റെ ആദ്യമത്സരമാണിത്. കഴിഞ്ഞ മത്സരത്തില്‍ മെല്ലെപ്പോക്കിന് ഏറെ പഴികേട്ട വൃദ്ധിമാന്‍ സാഹക്ക് പകരം അബ്ദുള്‍ സമദ് ഹൈദരാബാദ് ടീമിലെത്തി.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലുള്ള ഡല്‍ഹി ടീമിലും ഒരു മാറ്റമുണ്ട്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച പേസര്‍ ആവേശ് ഖാന് പകരം ഇഷാന്ത് ശര്‍മ അന്തിമ ഇലവനിലെത്തി.