മുംബൈ: പ്രേക്ഷകരുടെ എണ്ണത്തിൽ ഐപിഎൽ പുതിയ റെക്കോര്‍ഡിട്ടെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. പതിമൂന്നാം സീസണ്‍ ഐപിഎല്ലിലെ ചെന്നൈ മുംബൈ ഉദ്ഘാടന മത്സരം കണ്ടത് 20 കോടി ആളുകളാണെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ ട്വിറ്ററില്‍ വ്യക്തമാക്കി.

19ന് നടന്ന ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈയെ അഞ്ച് വിക്കറ്റിന് കീഴടക്കി ചെന്നൈ വിജയം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ കൂടിയാണ് ഇരു ടീമുകളും. ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണം പുറത്തുവിടുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍(ബാര്‍ക്ക്) റിപ്പോര്‍ട്ട് അനുസരിച്ച് ഉദ്ഘാടനമത്സരം കണ്ടത് 20 കോടി പേരാണ്. ഇത് ഐപിഎല്ലിലെ ഉദ്ഘാടന മത്സരങ്ങളിലെ മാത്രമല്ല, ഏതെങ്കിലും ഒരു രാജ്യത്ത് കായികമത്സരങ്ങളില്‍ തന്നെ ആദ്യമാണ്. ലോകത്തെ മറ്റൊരു ലീഗിനും ഇത്രയും കാഴ്ചക്കാരെ ലഭിച്ചിട്ടില്ലെന്നും ജയ് ഷാ വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് ബാര്‍ക്ക് ഓരോ ആഴ്ചയിലെയും ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണവും ടെലിവിഷന്‍ ചാനലുകളുടെ റേറ്റിംഗും പുറത്തുവിടുക. ടെലിവിഷനില്‍ മാത്രമല്ല ഹോട്ട്സ്റ്റാറിലും ഐപിഎല്‍ റെക്കോര്‍ഡ് പ്രേക്ഷകരിലേക്ക് എത്തിയെന്ന് ബിസിസിഐ വ്യക്തമാക്കി. മലേഷ്യന്‍ ആസ്ഥാനമായ ഡിജിറ്റല്‍ മീഡിയ കമ്പനി ലെറ്റ്സ് ഒടിടി പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഹോട്ട് സ്റ്റാറിലൂടെ 81 ലക്ഷം പേരാണ് ഐപിഎല്‍ ഉദ്ഘാടന മത്സരം കണ്ടത്.