ദുബായ്: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അവസാന പന്തില്‍ തോല്‍പ്പിച്ച് സീസണിലെ രണ്ടാം ജയം നേടിയെങ്കിലും പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇനിയും സജീവമാക്കാനായിട്ടില്ല പഞ്ചാബിന്. വന്‍വില കൊടുത്ത് സ്വന്തമാക്കിയ ഗ്ലെന്‍ മാക്സ്‌വെല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇതുവരെ തിളങ്ങാത്തതാണ് പഞ്ചാബിന്‍റെ തോല്‍വികളില്‍ നിര്‍ണായകമായത്.

അതിനിടെ ടീമിലെ സഹതാരമായ ജിമ്മി നീഷാം മാക്സ്‌വെല്ലിനെതിരെ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ കളിക്കളത്തിലെ പ്രകടനത്തിന്‍റെ പേരിലല്ല മാക്സ്‌വെല്ലിനെ നീഷാം കളിയാക്കിയത്. മത്സരശേഷം ഡഗ് ഔട്ടിന് പുറത്തെ കൂളറില്‍ നിന്ന് എട്ടോളം കോക്ക് ക്യാനുകളുമായി നില്‍ക്കുന്ന മാക്സ്‌വെല്ലിന്‍റെ ചിത്രം പോസ്റ്റ് ചെയ്ത് നീഷാമിട്ട കമന്‍റായിരുന്നു രസകരം.

കോടികള്‍ വാങ്ങുന്നുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം, റൂം സര്‍വീസില്‍ ഒരു എട്ട് ഡോളര്‍ കൊടുത്ത് കോക്ക് വാങ്ങാന്‍പോലും തയാറല്ല എന്നായിരുന്നു നീഷാമിന്‍റെ കമന്‍റ്. സീസണില്‍ ഇതുവരെ എട്ട് മത്സരങ്ങള്‍ കളിച്ചെങ്കിലും മാക്സ്‌വെല്ലിന് 61 പന്തില്‍ 14.50 ശരാശറിയില്‍ 58 റണ്‍സ് മാത്രമാണ് നേടാനായത്.

സീസണില്‍ ഇതുവരെ ഒറ്റ സിക്സ് പോലും നേടാനും മാക്സ്‌വെല്ലിനായിട്ടില്ല. ആകെ നേടിയത് അഞ്ച് ബൗണ്ടറികള്‍ മാത്രവും.10.75 കോടി മുടക്കിയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ഇത്തവണ താരലേലത്തില്‍ മാക്സ്‌വെല്ലിനെ സ്വന്തമാക്കിയത്.