ദുബായ്: ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 175 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ക്രീസിലിറങ്ങിയ കൊല്‍ക്കത്ത ശുഭ്മാന്‍ ഗില്ലിന്‍റെയും ഓയിന്‍ മോര്‍ഗന്‍റെയും ഇന്നിംഗ്സുകളുടെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു.

തുടക്കം കരുതലോടെ

കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി കരുതലോടെയാണ് കൊല്‍ക്കത്തക്കായി ഗില്ലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത സുനില്‍ നരെയ്ന്‍ തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഗില്‍-നരെയ്ന്‍ സഖ്യം 4.5 ഓവറില്‍ 36 റണ്‍സെടുത്തു. നരെയ്നെ(14 വപന്തില്‍ 15) മടക്കി ഉനദ്ഘട്ടാണ് രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

വണ്‍ഡൗണായി എത്തിയ നിതീഷ് റാണക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഗില്‍ കൊല്‍ക്കത്തയെ വമ്പന്‍ സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും 17 പന്തില്‍ 22 റണ്‍സെടുത്ത റാണയെ തിവാട്ടിയയും ഗില്ലിനെ( 34 പന്തില്‍ 47) ആര്‍ച്ചറും മടക്കിയതോടെ കൊല്‍ക്കത്തയുടെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു.

ആളിക്കത്താതെ റസല്‍

പതിവില്‍ നിന്ന് വ്യത്യസ്തമായി നാലാം നമ്പറിലാണ് ആന്ദ്രെ റസല്‍ ഇന്ന് ബാറ്റിംഗിനെത്തിയത്. 14 പന്തില്‍ മൂന്ന് സിക്സറുകള്‍ സഹിതം 24 റണ്‍സെടുത്ത റസല്‍ അപകടകാരിയായി മാറുന്നതിന് മുമ്പെ രാജസ്ഥാന്‍ പിടിച്ചുകെട്ടി. അങ്കിത് രജ്പുത്തിന്‍റെ പന്തില്‍ സിക്സറിനുള്ള റസലിന്‍റെ ശ്രമം ഉനദ്ഘ്ട്ടിന്‍റെ കൈകകളില്‍ അവസാനിച്ചു.

പറക്കും സഞ്ജു

പിന്നാലെ ഓയിന്‍ മോര്‍ഗനും പാറ്റ് കമിന്‍സും ചേര്‍ന്ന് കൊല്‍ക്കത്തയെ 150ന് അടുത്തെത്തിച്ചു. സഞ്ജുവിന്‍റെ പറക്കും ക്യാച്ചില്‍ കമിന്‍സ്(12) വീണു. അവസാന ഓവറില്‍ തകര്‍ത്തടിച്ച മോര്‍ഗന്‍(23 പന്തില്‍ 34 നോട്ടൗട്ട്) കൊല്‍ക്കത്തയെ 170ല്‍ എത്തിച്ചു. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്.