ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ന് വീണ്ടും കിംഗ്സസ് ഇലവന്‍ പഞ്ചാബും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍ വരികയാണ്. ഇതിനു മുമ്പ് ഇരു ടീമും പരസ്പരം ഏറ്റമുട്ടിയപ്പോള്‍ രാഹുലിന്‍റെ സെഞ്ചുറി കരുത്തില്‍ പഞ്ചാബാണ് ജയിച്ചു കയറിയത്. സീസണില്‍ ഇതുവരെ പഞ്ചാബിന്‍റെ ഒരേയൊരു വിജയവും ഇതുതന്നെയാണ്. പഞ്ചാബിനോട് തോറ്റെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന കോലിയുടെ ബാംഗ്ലൂര്‍ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണിപ്പള്‍. പഞ്ചാബ് ആകട്ടെ അവസാന സ്ഥാനത്തും.

മത്സരത്തിന് മുന്നോടിയായി ഇരുടീമിലെയും നായകന്‍മാര്‍ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതീക്ഷകള്‍ പങ്കിട്ടു. ഇതിനിടെ രാഹുലിനോടായി കോലി ചോദ്യമെത്തി. ടി20 ക്രിക്കറ്റില്‍ താങ്കള്‍ ആഗ്രഹിക്കുന്ന ഒരു പ്രധാന മാറ്റം എന്താണെന്ന്. ഇതിന് രാഹുല്‍ നല്‍കിയ മറുപടിയാണ് രസകരം.

ആദ്യം തന്നെ പറയട്ടെ, ഐപിഎല്‍ ഭരണസമിതി വിരാട് കോലിയെയും എ ബി ഡിവില്ലിയേഴ്സിനെയും ടൂര്‍ണമെന്‍റില്‍ നിന്ന് വിലക്കണം. കാരണം ഒരു പരിധിവരെ റണ്‍സടിച്ചാല്‍, ഉദാഹരണമായി 5000 റണ്‍സൊക്കെ പൂര്‍ത്തിയാക്കിയാല്‍ അവരെ ഐപിഎല്ലില്‍ നിന്ന് വിലക്കണം. അവര്‍ ഇനി മറ്റുള്ളവര്‍ക്ക് അവസരം നല്‍കണം-രാഹുല്‍ കോലിയോട് തമാശയായി പറഞ്ഞു.

നൂറ് മീറ്ററിനേക്കാള്‍ ദൂരം പോകുന്ന സിക്സിന് ആറ് റണ്‍സില്‍ കൂടുതല്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് ടി20 ക്രിക്കറ്റില്‍ താന്‍ ആഗ്രഹിക്കുന്ന മാറ്റമെന്നും രാഹുല്‍ പറഞ്ഞു. രാഹുലിനോട് യോജിച്ച കോലി ടി20 ക്രിക്കറ്റില്‍ വൈഡും നോബോളും റിവ്യു ചെയ്യാനുള്ള അവകാശം ക്യാപ്റ്റന്‍മാര്‍ക്ക് നല്‍കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ഇത് മത്സരത്തില്‍ ഏറെ നിര്‍ണായകമണെന്നും കോലി വ്യക്തമാക്കി.