അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ചെന്നൈ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലാണ്. 20 പന്തില്‍ 26 റണ്‍സുമായി ഷെയ്ന്‍ വാട്സണും ആറ് പന്തില്‍ ഒമ്പത് റണ്‍സോടെ അംബാട്ടി റായുഡുവും ക്രീസില്‍.

ഓപ്പണിംഗ് വിക്കറ്റില്‍ 3.4 ഓവറില്‍ 30 റണ്‍സടിച്ച ഷെയ്ന്‍ വാട്സണും ഫാഫ് ഡൂപ്ലെസിയും ചേര്‍ന്ന് ചെന്നൈക്ക് മികച്ച തുടക്കമാണ് നല്‍കിയത്. നാലാം ഓവറില്‍ മികച്ച ഫോമിലുള്ള ഫാഫ് ഡൂപ്ലെസിയെ പുറത്താക്കി ശിവം മാവിയാണ് ചെന്നൈക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. 10 പന്തില്‍ 17 റണ്‍സായിരുന്നു ഡൂപ്ലെസിയുടെ സമ്പാദ്യം.

നേരത്തെ ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ 168 റണ്‍സിന് ഓള്‍ ഔട്ടായി. ശുഭ്മാന്‍ ഗില്ലും ആന്ദ്രെ റസലും ഓയിന്‍ മോര്‍ഗനും സുനില്‍ നരെയ്നും ബാറ്റുകൊണ്ട് തിളങ്ങാതിരുന്ന മത്സരത്തില്‍ ഓപ്പണറായി എത്തിയ രാഹുല്‍ ത്രിപാഠിയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയാണ് കൊല്‍ക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ചത്.