അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഭേദപ്പെട്ട തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പൊള്‍ കൊല്‍ക്കത്ത ആറോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെടുത്തിട്ടുണ്ട്. 17 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും റണ്ണൊന്നുമെടുക്കാതെ ദിനേശ് കാര്‍ത്തിക്കും ക്രീസില്‍.

ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും ചേര്‍ന്നാണ് കൊല്‍ക്കത്ത ഇന്നിംഗ്സ് തുടങ്ങിയത്. ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത കൊല്‍ക്കത്ത കോള്‍ട്ടര്‍നൈലിന്‍റെ രണ്ടാം ഓവറില്‍ ഒമ്പത് റണ്‍സടിച്ച് നല്ലതുടക്കമിട്ടു. എന്നാല്‍ ബോള്‍ട്ടിന്‍റെ മൂന്നാം ഓവറിലെ അവസാന പന്തില്‍ സൂര്യകുമാര്‍ യാദവിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ രാഹുല്‍ ത്രിപാഠി മടങ്ങി. ഒമ്പത് പന്തില്‍ ഏഴ് റണ്‍സായിരുന്നു ത്രിപാഠിയുടെ സമ്പാദ്യം.

ബൂമ്രയെറിഞ്ഞ നാലാം ഓവറില്‍ ഗില്ലും നിതീഷ് റാണയും ചേര്‍ന്ന് ഏഴ് റണ്‍സടിച്ചു. ക്രുനാല്‍ പാണ്ഡ്യയായിരുന്നു അഞ്ചാം ഓവര്‍ എറിയാനെത്തിയത്. മൂന്ന് റണ്‍സ് മാത്രം വഴങ്ങിയ ക്രുനാല്‍ കൊല്‍ക്കത്തയെ അടിച്ചുതകര്‍ക്കാന്‍ അനുവദിച്ചില്ല.

കോള്‍ട്ടര്‍നൈല്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഗില്‍ ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും മൂന്നാം പന്തില്‍ നിതീഷ് റാണയെ ഡീകോക്കിന്‍റെ കൈകളിലെത്തിച്ച് കോള്‍ട്ടര്‍നൈല്‍ കൊല്‍ക്കത്തയ്ക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു.