അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 149 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. 36 പന്തില്‍ 53 റണ്‍സെടുത്ത പാറ്റ് കമിന്‍സ് ആണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. ഓയിന്‍ മോര്‍ഗന്‍ 29 പന്തില്‍ 39 റണ്‍സെടുത്തു.

കരുതലോടെ തുടങ്ങി പിന്നെ തകര്‍ന്നടിഞ്ഞു

ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും ചേര്‍ന്നാണ് കൊല്‍ക്കത്ത ഇന്നിംഗ്സ് തുടങ്ങിയത്. ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത കൊല്‍ക്കത്ത കോള്‍ട്ടര്‍നൈലിന്‍റെ രണ്ടാം ഓവറില്‍ ഒമ്പത് റണ്‍സടിച്ച് നല്ലതുടക്കമിട്ടു. എന്നാല്‍ ബോള്‍ട്ടിന്‍റെ മൂന്നാം ഓവറിലെ അവസാന പന്തില്‍ സൂര്യകുമാര്‍ യാദവിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ രാഹുല്‍ ത്രിപാഠി മടങ്ങി. ഒമ്പത് പന്തില്‍ ഏഴ് റണ്‍സായിരുന്നു ത്രിപാഠിയുടെ സമ്പാദ്യം.

കോള്‍ട്ടര്‍നൈല്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഗില്‍ ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും മൂന്നാം പന്തില്‍ നിതീഷ് റാണയെ ഡീകോക്കിന്‍റെ കൈകളിലെത്തിച്ച് കോള്‍ട്ടര്‍നൈല്‍ കൊല്‍ക്കത്തയ്ക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു.

ചാഹറിന്‍റെ ഇരട്ടപ്രഹരം

തകര്‍ച്ചയില്‍ നിന്ന് പതുക്കെ കരകയറുമെന്ന് തോന്നിച്ച കൊല്‍ക്കത്തക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ച് രാഹുല്‍ ചാഹര്‍ അവരെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. തുടര്‍ച്ചയായ പന്തുകളില്‍ ശുഭ്മാന്‍ ഗില്ലിനെയും(23 പന്തില്‍ 21), ദിനേശ് കാര്‍ത്തിക്കിനെയും(4) മടക്കിയാണ് ചാഹര്‍ കൊല്‍ക്കത്തയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്.

അടിതെറ്റി വീണ്ടും റസല്‍

ആന്ദ്രെ റസല്‍ സിക്സടിച്ച് തുടങ്ങി. ബുമ്രയെ ബൗണ്ടറി കടത്തി. എന്നാല്‍ അതേ ഓവറില്‍ ബുമ്രയുടെ ബൗണ്‍സറിന് മുന്നില്‍ റസലിന് അടിതെറ്റി. ഒമ്പത് പന്തില്‍ 12 റണ്‍സുമായി റസല്‍ ഡീകോക്കിന്‍റെ കൈകളിലൊതുങ്ങി.

രക്ഷകരായി കമിന്‍സും മോര്‍ഗനും

പന്തുകൊണ്ടല്ല ഇത്തവണ ബാറ്റുകൊണ്ടാണ് കമിന്‍സ് കൊല്‍ക്കത്തയുടെ രക്ഷകനായത്. തകര്‍ന്നടിഞ്ഞ കൊല്‍ക്കത്തയെ തകര്‍പ്പന്‍ ബാറ്റിംഗുമായി കമിന്‍സ് കരകയറ്റി. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 87 റണ്‍സടിചാചാണ് കമിന്‍സ്-മോര്‍ഗന്‍ സഖ്യം കൊല്‍ക്കത്തയെ മാന്യമായ സ്കോറിലെത്തിച്ചത്. 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കമിന്‍സ് അഞ്ച് ഫോറും രണ്ട് സിക്സും പറത്തി.  ബോള്‍ട്ടും കോള്‍ട്ടര്‍നൈലും എറിഞ്ഞ അവസാന രണ്ടോവറില്‍ 35 റണ്‍സടിച്ചാണ് കമിന്‍സും മോര്‍ഗനും ചേര്‍ന്ന് കൊല്‍ക്കത്തയെ 148ല്‍ എത്തിച്ചത്.

മുംബൈക്കായി രാഹുല്‍ ചാഹര്‍ രണ്ടും ബോള്‍ട്ട്, ബുമ്ര, കോള്‍ട്ടര്‍നൈല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.