അബുദാബി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് നാലു വിക്കറ്റ് നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൊല്‍ക്കത്ത എട്ടോവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയിലാണ്. 12 റണ്‍സോടെ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും മൂന്ന് റണ്‍സുമായി മുന്‍ നായകന്‍ ദിനേശ് കാര്‍ത്തിക്കും ക്രീസില്‍.

ഇത് സിറാജ് തന്നെയാണോ

ക്രിസ് മോറിസിന്‍റെ ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത കൊല്‍ക്കത്തയെ ശരിക്കും ഞെട്ടിച്ചത് മുഹമ്മദ് സിറാജിന്‍റെ രണ്ടാം ഓവറായിരുന്നു. പേസും സ്വിഗും ഇടകലര്‍ത്തിയെറിഞ്ഞ സിറാജ് മൂന്നാം പന്തില്‍ രാഹുല്‍ ത്രിപാഠിയെ(1)വിക്കറ്റിന് പിന്നില്‍ ഡിവില്ലിയേഴ്സിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ നിതീഷ് റാണയെ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് കൊല്‍ക്കത്തയെ വിറപ്പിച്ചു.

നാലാമനായി ഇറങ്ങിയ ടോം ബാന്‍റണ്‍ ഹാട്രിക്ക് നേടുന്നത് തടഞ്ഞെങ്കിലും നവദീപ് സെയ്നിയുടെ അടുത്ത ഓവറില്‍ വിശ്വസ്തനായ ശുഭ്മാന്‍ ഗില്‍(1) പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച് മോറിസിന് ക്യാച്ച് നല്‍കി മടങ്ങി. ആ ഓവറില്‍ ബാന്‍റണ്‍ സെയ്നിയെ സിക്സിനും ഫോറിനും പറത്തി കൊല്‍ക്കത്തക്ക് പ്രതീക്ഷ നല്‍കിയെങ്കിലും തന്‍റെ രണ്ടാം ഓവറില്‍ ബാന്‍റണെയും(10) ഡിവില്ലിയേഴ്സിന്‍റെ കൈകളിലെത്തിച്ച് സിറാജ് അമ്പരപ്പിച്ചു.

14/4ലേക്ക് കൂപ്പുകുത്തിയ കൊല്‍ക്കത്തക്ക് ആദ്യ പവര്‍പ്ലേയില്‍ നേടാനായത് വെറും 17 റണ്‍സ്. മൂന്നോവറില്‍ രണ്ട് മെയ്ഡിന്‍ ഓവര്‍ അടക്കം റണ്‍സ് വിട്ടുകൊടുത്ത് സിറാജ് മൂന്ന് വിക്കറ്റെടുത്തു.