ധോണിക്ക് മുമ്പ് റിതുരാജ് ഗെയ്‌ക്‌വാദിനെയും സാം കറനെയും ഇറക്കിയതിന് എന്ത് ന്യായീകരണമാണുള്ളത്. ഇന്നലത്തെ മത്സരത്തില്‍ ഫാഫ് ഡൂപ്ലെസി മാത്രമായിരുന്നു ചെന്നൈ നിരയിലെ യഥാര്‍ത്ഥ പോരാളി.

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ ഏഴാമനായി ബാറ്റിംഗിനിറങ്ങിയതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. സുരേഷ് റെയ്നയും അംബാട്ടി റായുഡുവും ഇല്ലാത്ത അവസരത്തില്‍ ധോണി ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങി ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നുവെന്നും അങ്ങനെയാണ് മുന്നില്‍ നിന്ന് നയിക്കേണ്ടതെന്നും ഗംഭീര്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

നോക്കു, മറ്റേത് ക്യാപ്റ്റനാണ് ഇത് ചെയ്തതെങ്കിലും അയാള്‍ക്കെതിരെ വിമര്‍ശനമുയരുമായിരുന്നു. ധോണിയായതുകൊണ്ടുമാത്രമാണ് ആളുകള്‍ മിണ്ടാതിരിക്കുന്നത്. സുരേഷ് റെയ്നയെക്കൂടാതെ ഇറങ്ങിയ മത്സരത്തില്‍ സാം കറനും റിതുരാജ് ഗെയ്‌‌ക്‌വാദിനും കേദാര്‍ ജാദവിനും ഫാഫ് ഡൂപ്ലെസിക്കുമെല്ലാം ശേഷമാണ് നായകന്‍ ഇറങ്ങുന്നത്. അതില്‍ നിന്ന് ആരാധകര്‍ മനസിലാക്കുന്നത് ഇവര്‍ ധോണിയെക്കാളൊക്കെ മികച്ച ബാറ്റ്സ്മാന്‍മാരാണെന്നതാണ്.

ധോണിക്ക് മുമ്പ് റിതുരാജ് ഗെയ്‌ക്‌വാദിനെയും സാം കറനെയും ഇറക്കിയതിന് എന്ത് ന്യായീകരണമാണുള്ളത്. ഇന്നലത്തെ മത്സരത്തില്‍ ഫാഫ് ഡൂപ്ലെസി മാത്രമായിരുന്നു ചെന്നൈ നിരയിലെ യഥാര്‍ത്ഥ പോരാളി. നിങ്ങള്‍ക്ക് തീര്‍ച്ചയായും അവസാന ഓവറില്‍ ധോണി തുടര്‍ച്ചയായി അടിച്ച മൂന്ന് സിക്സറുകളെക്കുറിച്ച് വാതോരാതെ സംസാരിക്കാം. സത്യസന്ധമായി പറഞ്ഞാല്‍ അതുകൊണ്ട് യാതൊരു ഉപകാരവുമില്ലായിരുന്നു. അത് ധോണിയുടെ വ്യക്തിഗത സ്കോര്‍ ഉയര്‍ത്താന്‍ സഹായിച്ചുവെന്നല്ലാതെ അതുകൊണ്ട് യാതൊരു കാര്യവുമില്ലായിരുന്നു-ഗംഭീര്‍ പറഞ്ഞു.

പതിനഞ്ചാം ഓവറില്‍ ഏഴാം നമ്പറില്‍ ധോണി ബാറ്റിംഗിനിറങ്ങുമ്പോള്‍ ചെന്നൈക്ക് ജയത്തിലേക്ക് 100 റണ്‍സ് വേണമായിരുന്നു. എന്നാല്‍ സിംഗിളുകളെടുത്ത് ഡൂപ്ലെസിക്ക് സ്ട്രൈക്ക് നല്‍കാന്‍ ശ്രമിച്ച ധോണി 18-ാം ഓവര്‍ പൂര്‍ത്തിയാവുമ്പള്‍ 9 പന്തില്‍ 12 റണ്‍സ് മാത്രമാണ് എടുത്തിരുന്നത്. ഇരുപതാം ഓവറില്‍ 38 റണ്‍സ് ജയത്തിലേക്ക് വേണ്ടപ്പോഴാണ് ധോണി ആദ്യ സിക്സ് അടിക്കുന്നത്. പിന്നീട് തുടര്‍ച്ചയായി രണ്ട് സിക്സര്‍ കൂടി നേടിയെങ്കിലും ചെന്നൈ മത്സരം കൈവിട്ടിരുന്നു.