അബുദാബി: ഐപിഎല്ലില്‍ ക്യാപ്റ്റന്‍ മാറിയിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയവര കടക്കാനായില്ല. കൊല്‍ക്കത്തയെ എട്ടു വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ തുടര്‍ച്ചയായ അഞ്ചാം ജയവുമായി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചപ്പോള്‍ എട്ടു കളികളില്‍ നാലാം തോല്‍വി വഴങ്ങി കൊല്‍ക്കത്ത നാലാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 148/5, മുബൈ ഇന്ത്യന്‍സ് 16.5 ഓവറില്‍ 149/2. 44 പന്തില്‍ 78 റണ്‍സടിച്ച ക്വിന്‍റണ്‍ ഡീകോക്കാണ് മുംബൈയുടെ ജയം ആനായാസമാക്കിയത്.

എല്ലാം മുംബൈയുടെ വഴിയെ

ആദ്യ പന്തുമുതല്‍ എല്ലാം മുംബൈയുടെ വഴിയിലായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ അടിച്ചു തകര്‍ച്ച ക്വിന്‍റണ്‍ ഡീകോക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 10.3 ഓവറില്‍ 94 റണ്‍സടിച്ചപ്പോഴെ കൊല്‍ക്കത്തയുടെ വിധിയെഴുതി കഴിഞ്ഞിരുന്നു. തകര്‍ത്തടിച്ച ഡീകോക്കാണ് മുംബൈയെ അതിവേഗം വിജയത്തിന് അടുത്തെത്തിച്ചത്.

25 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഡീകോക്ക് ടീമിനെ വിജയവര കടത്തിയശേഷമാണ് ക്രീസ് വിട്ടത്.  ഇതിനിടെ രോഹിത്തിന്‍റെയും(35), സൂര്യകുമാര്‍ യാദവിന്‍റെയും വിക്കറ്റുകള്‍ വീണത് പോലും മുംബൈയെ ബാധിച്ചില്ല. ഡീകോക്കിന് കൂട്ടായി ഹര്‍ദ്ദിക് പാണ്ഡ്യ (11 പന്തില്‍ 21) കൂടി എത്തിയതോടെ മുംബൈയുടെ ജയം വേഗത്തിലായി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത  36 പന്തില്‍ 53 റണ്‍സെടുത്ത പാറ്റ് കമിന്‍സിന്‍റെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. പുതിയ നായകന്‍ ഓയിന്‍ മോര്‍ഗന്‍ 29 പന്തില്‍ 39 റണ്‍സെടുത്ത് കമിന്‍സിനൊപ്പം പുറത്താവാതെ നിന്നു.

രാഹുല്‍ ത്രിപാഠി(7), ശുഭ്മാന്‍ ഗില്‍(21), നിതീഷ് റാണ(5), ദിനേശ് കാര്‍ത്തിക്ക്(4), ആന്ദ്രെ റസല്‍(12) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ കമിന്‍സും മോര്‍ഗനും ചേര്‍ന്നാണ് കൊല്‍ക്കത്തയെ 148ല്‍ എത്തിച്ചത്. മുംബൈക്കായി രാഹുല്‍ ചാഹര്‍ രണ്ടും ബോള്‍ട്ട്, ബുമ്ര, കോള്‍ട്ടര്‍നൈല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.