ഷാര്‍ജ: ഡല്‍ഹിയുടെ യുവനിരക്ക് മുന്നില്‍ ജോസ് ബട്‌ലറും സ്റ്റീവ് സ്മിത്തും സഞ്ജു സാംസണും അടങ്ങുന്ന മുന്‍നിര ഒരിക്കല്‍ കൂടി പരാജയമായപ്പോള്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് 46 റണ്‍സിന്‍റെ കനത്ത തോല്‍വി. തുടര്‍ച്ചയായ നാലാം തോല്‍വിയുമായി രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് വീണപ്പോള്‍ ആറ് കളികളില്‍ അഞ്ചാം ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈയെ പിന്തള്ളി ഒന്നാമതെത്തി. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 184/8, രാജസ്ഥാന്‍ റോയല്‍സ് 19.4 ഓവറില്‍ 138ന് ഓള്‍ ഔട്ട്.

ബട്‌ലര്‍ക്കുമേല്‍ അശ്വിന്‍മേധം

ഷാര്‍ജയില്‍ മുമ്പ് നടന്ന മത്സരങ്ങളിലെല്ലാം 200ന് മുകളില്‍ സ്കോര്‍ പിറന്നതിനാല്‍ ഡല്‍ഹിയെ 200ല്‍ താഴെ ഒതുക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍ ബാറ്റിംഗിനിറങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും ചേര്‍ന്ന് 15 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. എട്ട് പന്തില്‍ 13 റണ്‍സെടുത്ത ബട്‌ലറെ ധവാന്‍റെ കൈകളിലെത്തിച്ച് അശ്വിനാണ് രാജസ്ഥാന് ആദ്യപ്രഹരമേല്‍പ്പിച്ചത്. കഴിഞ്ഞ സീസണില്‍ ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയെന്ന ചീത്തപ്പേര് ഇതോടെ അശ്വിന്‍ മായ്ച്ചു കളഞ്ഞു.

പ്രതീക്ഷ നല്‍കി സ്മിത്ത് വീണു

വണ്‍ ഡൗണായെത്തിയത് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തായിരുന്നു. യശസ്വി ജയ്സ്വാള്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ സ്കോര്‍ ഉയര്‍ത്തേണ്ട ഉത്തരവാദിത്തം സ്മിത്തിനായി. 17 പന്തില്‍ 24 റണ്‍സെടുത്ത് സ്മിത്ത് രാജസ്ഥാന് പ്രതീക്ഷ നല്‍കിയെങ്കിലും നോര്‍ട്യയുടെ പന്തില്‍ ഹെറ്റ്മെയറുടെ അസാമാന്യ ക്യാച്ചില്‍ സ്മിത്ത് മടങ്ങി.

ക്ഷമപരീക്ഷിച്ച് സഞ്ജു മടങ്ങി

ഷാര്‍ജയില്‍ ഇതിന് മുമ്പെ കളിച്ച രണ്ട് കളികളിലും മാന്‍ ഓഫ് ദ മാച്ചായ സഞ്ജു പ്രതീക്ഷയോടെയാണ് ക്രീസിലെത്തിയത്. ആദ്യ പന്തില്‍ ശക്തമായ അപ്പീല്‍ അതിജീവിച്ച സഞ്ജു പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സ്റ്റോയിനസിനെ സിക്സിന് പറത്താനുള്ള ആവേശം വിനയായി. മിഡ് വിക്കറ്റ് ബൗണ്ടറിയില്‍ ഹെറ്റ്മെയറുടെ കൈകളില്‍ സഞ്ജുവിന്‍റെ ഇന്നിംഗ്സ് അവസാനിച്ചു.

പിന്നീടെല്ലാം ചടങ്ങുകള്‍

മുട്ടിക്കളിച്ച് യശസ്വ ജയ്‌സ്വാളിന് ക്രീസില്‍ അധികം ആയുസുണ്ടായില്ല. 36 പന്തില്‍ 34  റണ്‍സെടുത്ത യശസ്വിയെ സ്റ്റോയിനസ് മടക്കിയപ്പോള്‍ മഹിപാല്‍ ലോമറോറിനെ(1) അശ്വിനും ജോഫ്ര ആര്‍ച്ചറെ(2) റബാഡയും വീഴ്ത്തി. രാഹുല്‍ തിവാട്ടിയ(29 പന്തില്‍ 38) നടത്തിയ പോരാട്ടം രാജസ്ഥാന്‍റെ തോല്‍വിഭാരം കുറച്ചു.ഡല്‍ഹിക്കായി റബാഡ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അശ്വിനും സ്റ്റോയിനസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ മികച്ച തുടക്കം ലഭിച്ചിട്ടും വിക്കറ്റുകള്‍ വലിച്ചെറി‌ഞ്ഞ ഡല്‍ഹി ബാറ്റ്സ്മാന്‍മാരും അച്ചടക്കത്തോടെ പന്തെറിഞ്ഞ രാജസ്ഥാന്‍ ബൗളര്‍മാരും ചേര്‍ന്നാണ് ഡല്‍ഹിയുടെ സ്കോര്‍ 200ല്‍ താഴെ നിര്‍ത്തിയത്. നാലോവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറാണ് ഡല്‍ഹിയെ പിടിച്ചുകെട്ടിയത്. 45 റണ്‍സെടുത്ത ഹെറ്റ്മെയറാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.