ഷാര്‍ജ: ഐപിഎല്ലില്‍ ഷാര്‍ജയില്‍ നടന്ന മത്സരങ്ങളിലെല്ലാം ടീമുകള്‍ 200ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന പതിവ് ഇത്തവണ തെറ്റി. രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മികച്ച തുടക്കം ലഭിച്ചിട്ടും വിക്കറ്റുകള്‍ വലിച്ചെറി‌ഞ്ഞ ഡല്‍ഹി ബാറ്റ്സ്മാന്‍മാരും അച്ചടക്കത്തോടെ പന്തെറിഞ്ഞ രാജസ്ഥാന്‍ ബൗളര്‍മാരും ചേര്‍ന്നാണ് ഡല്‍ഹിയുടെ സ്കോര്‍ 200ല്‍ താഴെ നിര്‍ത്തിയത്. നാലോവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറാണ് ഡല്‍ഹിയെ പിടിച്ചുകെട്ടിയത്. 45 റണ്‍സെടുത്ത ഹെറ്റ്മെയറാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.

ശീഖര്‍ ധവാനെ തുടക്കത്തിലെ നഷ്ടമായശേഷം പൃഥ്വി ഷായും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ചേര്‍ന്ന് ഡല്‍ഹിക്ക് വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ടതാണ്. പക്ഷെ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ അമിതാവേശം കാട്ടിയ പൃഥ്വി ഷാക്ക് പിഴച്ചു.ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ അഞ്ചാം ഓവറിലെ ആദ്യ പന്ത് പുള്‍ഷോട്ടിലൂടെ അതിര്‍ത്തികടത്തിയ പൃഥ്വി ഷാ അടുത്ത ഷോര്‍ട്ട് ബോളിലും പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച് ആര്‍ച്ചര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി.  4.2 ഓവറില്‍ 42 റണ്‍സായിരുന്നു അപ്പോള്‍ ഡല്‍ഹി സ്കോര്‍.

അടിച്ചുതകര്‍ക്കുമെന്ന് കരുതിയ ശ്രേയസ് അയ്യരെ കൗമരാത താരം യശസ്വി ജയ്‌സ്വാള്‍ മനോഹരമായ ഫീല്‍ഡിംഗിലൂടെ റണ്ണൗട്ടാക്കിയപ്പോള്‍ ഡല്‍ഹി സ്കോര്‍ 50ല്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു. 18 പന്തില്‍ 22 റണ്‍സായിരുന്നു അയ്യര്‍ നേടിയത്. പിന്നീടെത്തിയ സ്റ്റോയിനസ് അടിച്ചു തകര്‍ത്തെങ്കിലും അശ്രദ്ധമായി ഓടി റണ്ണൗട്ടായ റിഷഭ് പന്ത്(9 പന്തില്‍ 5) നിരാശപ്പെടുത്തി. 30 പന്തില്‍ 39 റണ്‍സടിച്ച സ്റ്റോയിനസും മടങ്ങിയശേഷം ഹിറ്റ്മെയറുടെ വെടിക്കെട്ട് ഇന്നിംഗ്സാണ്(24 പന്തില്‍ 45) ഡല്‍ഹിയെ 150 കടത്തിയത്.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച അക്സര്‍ പട്ടേലും(8 പന്തില്‍ 17) ഹര്‍ഷല്‍ പട്ടേലും(15 പന്തില്‍ 16) ചേര്‍ന്ന് ഡല്‍ഹിയെ റണ്‍സിലെത്തിച്ചു.