അബുദാബി: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 186 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്രിസ് ഗെയ്‌ലിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. 63 പന്തില്‍ 99 റണ്‍സെടുത്ത ഗെയ്‌ലാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ജോഫ്ര ആര്‍ച്ചറുടെ അവസാന ഓവറില്‍ ഗെയ്ല്‍ സിക്സ് അടിച്ച് 99ല്‍ എത്തിയെങ്കിലും തൊട്ടടുത്ത പന്തില്‍ ബൗള്‍ഡായി. എട്ട് സിക്സും ആറ് ഫോറും അടങ്ങുന്നതാണ് ഗെയ്‌ലിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്. ക്യാപ്റ്റന്‍ കെ എല്‍ രാഹലും(46) പഞ്ചാബിനായി ബാറ്റിംഗില്‍ തിളങ്ങി.

ആദ്യ ഓവറില്‍ വിക്കറ്റ് എറിഞ്ഞിട്ട് ആര്‍ച്ചര്‍

ജോഫ്ര ആര്‍ച്ചര്‍ തന്‍റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് എറിഞ്ഞിട്ടു. കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് ഹീറോ ആയ മന്‍ദീപ് സിംഗിനെ മനോഹരമായൊരു ബൗണ്‍സറില്‍ വീഴ്ത്തി ആര്‍ച്ചര്‍ രാജസ്ഥാന് ആശിച്ച തുടക്കം നല്‍കി. ബെന്‍ സ്റ്റോക്സായിരുന്നു പോയന്‍റില്‍ മന്‍ദീപിനെ പറന്നുപിടിച്ചത്.

രാജസ്ഥാന്‍റെ കൈവിട്ട കളി

ആര്‍ച്ചറെ കരുതലോടെ നേരിട്ട് മറ്റ് ബൗളര്‍മാരെ ആക്രമിക്കാനായിരുന്നു പഞ്ചാബിന്‍റെ പദ്ധതി. തുടക്കത്തില്‍ തപ്പിത്തടഞ്ഞ ഗെയ്‌ല്‍ നാലാം ഓവറില്‍ വരുണ്‍ ആരോണിന്‍റെ പന്തില്‍ ഗെയ്ല്‍ നല്‍കിയ ക്യാച്ച് റിയാന്‍ പരാഗ് നിലത്തിട്ടത് രാജസ്ഥാന് കനത്ത തിരിച്ചടിയായി. പത്ത് റണ്‍സായിരുന്നു അപ്പോള്‍ ഗെയ്‌ലിന്‍റെ വ്യക്തിഗത സ്കോര്‍. പിന്നീട് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഗെയ്‌ലിനെ തിവാട്ടിയയും കൈവിട്ടു. പല അര്‍ധാവസരങ്ങളും അതൊന്നും കൈപ്പിടിയിലൊതുക്കാന്‍ രാജസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ക്കായില്ല. ജീവന്‍കിട്ടിയ ഗെയ്‌ലും നിലയുറപ്പിച്ച ക്യാപ്റ്റന്‍ കെ എല്‍ രാഹുലും തകര്‍ത്തടിച്ചതോടെ പഞ്ചാബ് സ്കോര്‍ പവര്‍ പ്ലേയില്‍ 53 റണ്‍സിലെത്തി.

സ്പിന്നര്‍മാരെയും പേസര്‍മാരെയും ഗെയ്ല്‍ ഒരുപോലെ കടന്നാക്രമിച്ചതോടെ പഞ്ചാബ് സ്കോര്‍ 13-ാം ഓവറില്‍ 100 കടന്നു. പതിനഞ്ചാം ഓവറില്‍ രാഹുലിനെ(41 പന്തില്‍ 46) മടക്കി ബെന്‍ സ്റ്റോക്സ് രാജസ്ഥാന് ആശ്വസിക്കാനുള്ള വക നല്‍കി. എന്നാല്‍ നിക്കോളാസ് പുരാനെയും(10 പന്തില്‍ 22) ഗ്ലെന്‍ മാക്സ്‌വെല്ലിനെയും കൂട്ടുപിടിച്ച് ഗെയ്ല്‍ തകര്‍ത്തടിച്ചതോടെ പഞ്ചാബ് സ്കോര്‍ 20 ഓവറില്‍ റണ്‍സിലെത്തി.

നാടകീയം ആര്‍ച്ചറുടെ അവസാന ഓവര്‍

ആര്‍ച്ചര്‍ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ 92 റണ്‍സിലായിരുന്നു ഗെയ്ല്‍. ഓവറിലെ ആദ്യ രണ്ട് പന്തുകളിലും സിംഗിളെടുക്കാനെ ഗെയ്‌ലിനും മാക്സ്‌വെല്ലിനും കഴിഞ്ഞുള്ളു. എന്നാല്‍ മൂന്നാം പന്തില്‍ സിക്സിന് പറത്തി ഗെയ്ല്‍ 99ല്‍ എത്തി. അടുത്ത പന്തില്‍ ആര്‍ച്ചര്‍ ഗെയ്‌ലിനെ ബൗള്‍ഡാക്കിയതോടെ തുടര്‍ച്ചയായ രണ്ടാം സീസണിലും ഒരു റണ്ണകലെ ഗെയ്‌ലിന് സെഞ്ചുറി നഷ്ടമായി. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരിനെതിരെ ഗെയ്ല്‍ 99 റണ്‍സടിച്ച് പുറത്താകാതെ നിന്നിരുന്നു. പന്തില്‍ റണ്‍സെടുത്ത ഗെയ്ല്‍ സിക്സും ഫോറും പറത്തി. രാജസ്ഥാനുവേണ്ടി ബെന്‍ സ്റ്റോക്സും ആര്‍ച്ചറും രണ്ടു വിക്കറ്റ് വീതമെടുത്തു.