അബുദാദി: ഐപിഎല്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടം. ദേവ്ദത്ത് പടിക്കലിനൊപ്പം ഓപ്പറണായി എത്തിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിക്കറ്റാണ് ബാംഗ്ലൂരിന് ആദ്യം നഷ്ടമായത്. രണ്ടാം ഓവറില്‍ കോലിയെ(6) ഹോള്‍ഡര്‍ വിക്കറ്റ് കീപ്പര്‍ ശ്രീവത്സ് ഗോസ്വാമിയുടെ കൈകളിലെത്തിച്ചപ്പോള്‍ തന്‍റെ രണ്ടാം ഓവറില്‍ മികച്ച ഫോമിലുള്ള ദേവ്ദത്ത് പടിക്കലിനെ(1) ഹോള്‍ഡര്‍ പ്രിയം ഗാര്‍ഗിന്‍റെ കൈകളിലെത്തിച്ചു.

ഹൈദരാബാദിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബാംഗ്ലൂര്‍ ആറോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്തിട്ടുണ്ട്. 15 പന്തില്‍ 19 റണ്‍സോടെ ആരോണ്‍ ഫിഞ്ചും ഒമ്പത് പന്തില്‍ ആറ് റണ്‍സുമായി എ ബി ഡിവില്ലിയേഴ്സും ക്രീസില്‍.

പരീക്ഷണം പാളി കോലി

മികച്ച തുടക്കം പ്രതീക്ഷിച്ചാണ് ആരോണ്‍ ഫിഞ്ചിന് പകരം ഓപ്പണറായി വിരാട് കോലി ക്രീസിലെത്തിയത്. ആദ്യ ഓവറില്‍ മികച്ച സ്വിംഗ് കണ്ടെത്തിയ സന്ദീപ് ശര്‍മ കോലിയെ വരിഞ്ഞുകെട്ടി. അഞ്ച് റണ്‍സ് മാത്രമാണ് ആദ്യ ഓവറില്‍ പിറന്നത്. ഹോള്‍ഡര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ കോലി മടങ്ങി. ആ ഓവറില്‍ നാല് റണ്‍സ് മാത്രമാണ് ബാംഗ്ലൂരിന് നേടാനായത്.

റണ്‍സ് വഴങ്ങുന്നതില്‍ സന്ദീപ് ശര്‍മ പിശുക്ക് കാട്ടിയതോടെ മൂന്നാം ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് ബാംഗ്ലൂര്‍ നേടിയത്. ഹോള്‍ഡര്‍ എറിഞ്ഞ നാലാം ഓവറില്‍ മികച്ച ഫോമിലുള്ള പടിക്കലിനെ പ്രിയം ഗാര്‍ഗ് ചാടിപ്പിടിച്ചതോടെ ബാംഗ്ലൂര്‍ ഇന്നിംഗ്സ് ഇഴഞ്ഞു നീങ്ങി. നാലാം ഓവറിലാണ് ബാംഗ്ലൂരിന് ആദ്യ ബൗണ്ടറി നേടാനായത്. സന്ദീപ് ശര്‍മ എറിഞ്ഞ അഞ്ചാം ഓവറില്‍ എട്ട് റണ്‍സടിച്ച് ബാംഗ്ലൂര്‍ നടരാജന്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഒമ്പത് റണ്‍സടിച്ച് നിലയല്‍പ്പം മെച്ചപ്പെടുത്തി.

കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ വൃദ്ധിമാന്‍ സാഹയില്ലാതെയാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. പരിക്കാണ് സാഹക്ക് തിരിച്ചടിയായത്. സാഹക്ക് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മഹൈദരൈബാദ് ടീമിലെത്തി.നാല് മാറ്റങ്ങളുമായാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്നിറങ്ങിയത്. ആദം സാംപ, ആരോണ്‍ ഫിഞ്ച് മോയിന്‍ അലി, നവദീപ് സെയ്നി എന്നിവര്‍ ബാംഗ്ലൂരിന്‍റെ അന്തിമ ഇലവനിലെത്തി.