ഷാര്‍ജ: ഐപിഎല്ലിലെ ഭാഗ്യ ഗ്രൗണ്ടായ ഷാര്‍ജയിലും മലയാളി താരം സഞ്ജു സാംസണ് ഫോമിലേക്ക് ഉയരാനായില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അഞ്ച് റണ്‍സ് മാത്രമെടുത്ത് പുറത്തായ സഞ്ജു തുടര്‍ച്ചയായ നാലാം മത്സരത്തിലും ആരാധകരെ നിരാശപ്പെടുത്തി. ഇതിനു മുമ്പ് ഷാര്‍ജയില്‍ കളിച്ച രണ്ട് മത്സരങ്ങളിലും സഞ്ജുവായിരുന്നു കളിയിലെ താരം.

ആന്‍‌റിച്ച് നോര്‍ട്യയുടെ നേരിട്ട ആദ്യ പന്തില്‍ തന്നെ ശക്തമായ അപ്പീല്‍ അതിജീവിച്ച സഞ്ജു ആദ്യം സിംഗിളുകളിലൂടെ നിലയുറപ്പിക്കാനാണ് നോക്കിയത്. എന്നാല്‍ സ്റ്റോയിനസിനെ യശസ്വി ജയ്‌സ്വാള്‍ സിക്സിന് പറത്തിയതിന് പിന്നാലെ സഞ്ജുവും സിക്സിന് ശ്രമിച്ചു. ചെറിയ ഗ്രൗണ്ടാണെങ്കിലും ഉയര്‍ന്നുപൊങ്ങിയ പന്ത് അതിര്‍ത്തി കടന്നില്ല. സഞ്ജുവിന്‍റെ ഷോട്ട് മിഡ് വിക്കറ്റില്‍ ഹെറ്റ്മെയറുടെ കൈകളിലൊതുങ്ങി. ഒമ്പത് പന്തില്‍ അഞ്ച് റണ്‍സുമായി സഞ്ജു വീണ്ടും തലകുനിച്ച് മടങ്ങി.

ഷാര്‍ജയില്‍ ഇതുവരെ നടന്ന മത്സരങ്ങളിലെല്ലാം സ്കോര്‍ 200 റണ്‍സിലേറെ പോയതിനാല്‍ ഡല്‍ഹിയെ 200ല്‍ താഴെ ഒതുക്കാനായത് രാജസഥാന്‍റെ നേട്ടമായിരുന്നു. എന്നാല്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഡല്‍ഹി ബൗളര്‍മാരും അതേനാണയത്തില്‍ തിരിച്ചടിച്ചു. രാജസ്ഥാന്‍റെ പ്രതീക്ഷയായ ജോസ് ബട്‌ലറെ(13) തുടക്കത്തിലെ നഷ്ടമായതിന് പിന്നാലെ സ്റ്റീവ് സ്മിത്തിനെയും(24) നഷ്ടമായി. ഇതിനുപിന്നാലെയാണ് രാജസ്ഥാന്‍റെ പ്രതീക്ഷയായ സ‍ഞ്ജുവും വീണത്.