ഷാര്‍ജ: ബാറ്റുകൊണ്ട് ചെന്നൈ ബൗളര്‍മാരെ അടിച്ചോടിച്ച സഞ്ജു സാംസണ്‍ ഫീല്‍ഡിംഗിന് ഇറങ്ങിയപ്പോള്‍ വിക്കറ്റിന് പിന്നില്‍ മിന്നല്‍ സ്റ്റംപിംഗും തകര്‍പ്പന്‍ ക്യാച്ചുമായി സൂപ്പര്‍മാനായി. സഞ്ജുവിന്റെ ഓള്‍ റൗണ്ട് പ്രകടനത്തിന്റെ മികവില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 16 റണ്‍സിന് കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ ആദ്യജയം കുറിച്ചു. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 216/7, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 200/6.

ബാറ്റിംഗിനിറങ്ങിയപ്പോള്‍ 32 പന്തില്‍ 74 റണ്‍സടിച്ച് ടോപ് സ്കോററായ സഞ്ജു വിക്കറ്റിന് പിന്നില്‍ രണ്ട് മിന്നല്‍ സ്റ്റംപിംഗുകളും രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളുമായി തിളങ്ങി. ടോം കറന്‍ എറിഞ്ഞ അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ 38 റണ്‍സ് വേണമായിരുന്നു. കറന്റെ മൂന്നും നാലും അഞ്ചും പന്തുകള്‍ തുടര്‍ച്ചയായി സിക്സിന് പറത്തി ധോണി ചെന്നൈയുടെ പരാജയഭാരം കുറച്ചു. കേദാര്‍ ജാദവിനുംശേഷം ആറാമനായി ക്രീസിലിറങ്ങാനുള്ള ധോണിയുടെ തീരുമാനം ചെന്നൈയുടെ തോല്‍വിയില്‍ നിര്‍ണായകമായി.

നല്ലതുടക്കം പക്ഷെ മധ്യനിര വീണ്ടും നിരാശപ്പെടുത്തി

കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ചെന്നൈക്ക് ഷെയ്ന്‍ വാട്സണും മുരളി വിജയും ചേര്‍ന്ന് മികച്ച തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 6.4 ഓവറില്‍ 58 റണ്‍സടിച്ചു. എന്നാല്‍ വാട്സണെ(21 പന്തില്‍ 33) വീഴ്ത്തി രാഹുല്‍ ട്വിവാറ്റിയ ചെന്നൈക്ക് ആദ്യപ്രഹരമേല്‍പ്പിച്ചു. തൊട്ടുപിന്നാലെ വിജയിനെ(21 പന്തില്‍ 21) ശ്രേയസ് ഗോപാലും മടക്കി.

ഫാഫ് ഡൂപ്ലെസിക്കൊപ്പം ചേര്‍ന്ന സാം കറന്‍ വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറയുമെന്ന് കരുതിയെങ്കിലും സഞ്ജുവിന്റെ മിന്നല്‍ സ്റ്റംപിംഗില്‍ വീണു. ആറ് പന്തില്‍ 17 റണ്‍സായിരുന്നു കറന്റെ സമ്പാദ്യം. തൊട്ടടുത്ത പന്തില്‍ റിതുരാജ് ഗെയ്‌ക്‌വാദിനെയും സ്റ്റംപിംഗിലൂടെ പുറത്താക്കി സ‍്ജു ചെന്നൈയുടെ നടുവൊടിച്ചു.

37 പന്തില്‍ 72 റണ്‍സടിച്ച ഫാഫ് ഡൂപ്ലെസിയും 16 പന്തില്‍ 22 റണ്‍സടിച്ച കേദാര്‍ ജാദവും ചേര്‍ന്ന് ചെന്നൈയെ 100 കടത്തിയെങ്കിലും സഞ്ജുവിന്റെ സൂപ്പര്‍മാന്‍ ക്യാച്ചില്‍ ജാദവ് വീണു. ഡൂപ്ലെസി തകര്‍ത്തടിച്ചതോടെ ചെന്നൈക്ക് പ്രതീക്ഷയായെങ്കിലും ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ഡൂപ്ലെസിയെ പിടികൂടി സഞ്ജു വീണ്ടും രാജസ്ഥാന്റെ രക്ഷകനായി.

ചെന്നൈക്കായി അവസാന ഓവറില്‍ എറിഞ്ഞ ലുങ്കി എങ്കിഡി 30 റണ്‍സ് വിട്ടുകൊടുത്തത് അന്തിമ മത്സരഫലത്തില്‍ നിര്‍ണായകമായി. രാജസ്ഥാനായി അവസാന ഓവര്‍ എറിഞ്ഞ ടോം കറന്‍ 21 റണ്‍സ് വഴങ്ങി. രാജസ്ഥാനായി രാഹുല്‍ ട്വിവാറ്റിയ 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

ഷാര്‍ജയെ വിറപ്പിച്ച സഞ്ജു ഷോ

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനായി സഞ്ജുവും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമാണ് തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തത്. സഞ്ജു 32 പന്തില്‍ 74 റണ്‍സെടുത്തപ്പോള്‍ സ്മിത്ത് 47 പന്തില്‍ 69 റണ്‍സെടുത്തു.  ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാനുവേണ്ടി യുവതാരം യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തായിരുന്നു. എന്നാല്‍ സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. ആറ് റണ്‍സെടുത്ത ജയ്‌സ്വാളിനെ ദീപക് ചാഹര്‍ സ്വന്തം ബൗളിംഗില്‍ പിടികൂടി.

യശ്വസ്വി പുറത്തായശേഷം ക്രീസിലെത്തിയ സഞ്ജു നിലയുറപ്പിക്കാന്‍പോലും സമയമെടുക്കാതെ തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ രാജസ്ഥാന്റെ സ്കോര്‍ ബോര്‍ഡ് കുതിച്ചു. അഞ്ചാം ഓവറില്‍ സാം കറനെതിരെ ബൗണ്ടറിയടിച്ച് തുടങ്ങിയ സഞ്ജു അതേ ഓവറില്‍ കറമെ സിക്സറിന് പറത്തി വരവറിയിച്ചു.

വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹറിനെതിരെ ആയിരുന്നു സഞ്ജുവിന്റെ അടുത്ത പ്രഹരം. സഞ്ജുവിന്റെ മിന്നലടിയില്‍ തന്ത്രം മാറ്റിയ ചെന്നൈ നായകന്‍ ധോണി രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിച്ചെങ്കിലും ജഡേജക്കെതിരെ രണ്ട് സിക്സറടിച്ച് സഞ്ജു നയം വ്യക്തമാക്കി.

ജഡേജയെ മാറ്റി പിയൂഷ് ചൗളയെ കൊണ്ടുവന്ന ധോണിയുടെ തന്ത്രവും സഞ്ജുവിന്റെ പ്രഹരത്തില്‍ തകര്‍ന്നു. മൂന്ന് സിക്സടിച്ചായിരുന്നു സഞ്ജു ചൗളയെ വരവേറ്റത്. ഇതിനിടെ 19 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ സഞ്ജു പത്താം ഓവറില്‍ ചൗളക്കെതിരെ വീണ്ടും സിക്സറടിച്ചു. പന്ത്രണ്ടാം ഓവറില്‍ എങ്കിടിയെ തിരികെ കൊണ്ടുവന്ന ധോണിയുടെ തന്ത്രം ഫലിച്ചു. സഞ്ജുവിനെ വീഴ്ത്തിയ എങ്കിടി ചെന്നൈക്ക് ചെറിയ ആശ്വാസം നല്‍കി. രണ്ടാം വിക്കറ്റില്‍ സ്മിത്തും സഞ്ജുവും ചേര്‍ന്ന് 121 റണ്‍സടിച്ചു. സഞ്ജു പുറത്തായശേഷവും നിലയുറപ്പിച്ച സ്മിത്ത് രാജസ്ഥാന് മികച്ച സ്കോര്‍ ഉറപ്പാക്കിയാണ് പുറത്തായത്. 47 പന്തില്‍ നാല് ഫോറും നാല് സിക്സറും പറത്തിയാണ് സ്മിത്ത് 69 റണ്‍സെടുത്തു.

അവസാനം ആര്‍ച്ചറുടെ വെടിക്കെട്ട്

ലുങ്കി എങ്കിഡി എറിഞ്ഞ അവസാന ഓവറില്‍ നാല് സിക്സര്‍ പറത്തിയ ജോഫ്ര ആര്‍ച്ചര്‍ 30 റണ്‍സടിച്ച് രാജസ്ഥാന്റെ സ്കോര്‍ 200 കടത്തി. എട്ട് പന്തില്‍ 27 റണ്‍സടിച്ച ആര്‍ച്ചറും 9 പന്തില്‍ 10 റണ്‍സുമായി ടോം കറനും പുറത്താകാതെ നിന്നു. ചെന്നൈക്കായി സാം കറന്‍ 33 റണ്‍സ് വവങ്ങി മൂന്ന് വിക്കറ്റെടുത്തു.