Asianet News MalayalamAsianet News Malayalam

ഹൈദരാബാദിന്‍റെ ഫ്യൂസൂരി ഫെര്‍ഗൂസന്‍; സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ കൊല്‍ക്കത്തക്ക് ജയം

നേരത്തെ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയുമാണ് ക്രീസിലെത്തിയത്. ലോക്കി ഫെര്‍ഗൂസന്‍റെ ആദ്യ പന്തില്‍ തന്നെ വാര്‍ണര്‍ ബൗള്‍ഡായി.

IPL2020 Sunrisers Hyderabad vs Kolkata Knight Riders, KKR beat SRH in super over thriller
Author
Abu Dhabi - United Arab Emirates, First Published Oct 18, 2020, 7:59 PM IST

അബുദാബി: സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വീണ്ടും വിജയവഴിയില്‍. സൂപ്പര്‍ ഓവറില്‍ മൂന്ന് റണ്‍സായിരുന്നു കൊല്‍ക്കത്തക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. റാഷിദ് ഖാന്‍ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും ദിനേശ് കാര്‍ത്തിക്കുമാണ് കൊല്‍ക്കത്തക്കായി ക്രീസിലിറങ്ങിയത്. ആദ്യ പന്തില്‍ റാഷിദ് ഖാന്‍ റണ്‍സ് വഴങ്ങിയില്ല.

രണ്ടാം പന്തില്‍ മോര്‍ഗന്‍റെ സിംഗിള്‍. ജയത്തിലേക്ക് നാലു പന്തില്‍ രണ്ട് റണ്‍സ്. അടുത്ത പന്തില്‍ റണ്‍സ് നേടാന്‍ കാര്‍ത്തിക്കിനായില്ല. എന്നാല്‍ നാലാം പന്തില്‍ ഡബിള്‍ ഓടിയെടുത്ത് കൊല്‍ക്കത്ത വിജയതീരമണിഞ്ഞു. സ്കോര്‍ കൊല്‍ക്കത്ത 20 ഓവറില്‍ 163/5, ഹൈദരാബാദ് 20 ഓവറില്‍ 163/6, സൂപ്പര്‍ ഓവറില്‍ ഹൈദരാബാദ് 0.3 ഓവറില്‍ 2/2, കൊല്‍ക്കത്ത 0.4 ഓവറില്‍ 3/0.

സൂപ്പര്‍മാനായി ഫെര്‍ഗൂസന്‍

നേരത്തെ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയുമാണ് ക്രീസിലെത്തിയത്. ലോക്കി ഫെര്‍ഗൂസന്‍റെ ആദ്യ പന്തില്‍ തന്നെ വാര്‍ണര്‍ ബൗള്‍ഡായി. അബ്ദുള്‍ സമദാണ് പിന്നീട് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ രണ്ട് റണ്‍സെടുത്ത സമദിന് പക്ഷെ അടുത്ത പന്തില്‍ അടിതെറ്റി. ലോക്കിയുടെ യോര്‍ക്കറില്‍ സമദ് ക്ലീന്‍ ബൗള്‍ഡായി.  മത്സരത്തിലാകെ സൂപ്പര്‍ ഓവറിലടക്കം 4.3 ഓവറില്‍ അഞ്ച് വിക്കറ്റാണ് ലോക്കി എറിഞ്ഞിട്ടത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.

നാടകീയം റസലിന്‍റെ അവസാന ഓവര്‍

ആന്ദ്രെ റസല്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഡേവിഡ് വാര്‍ണറും റാഷിദ് ഖാനുമായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ റസല്‍ നോ ബോളെറിഞ്ഞു. ഫ്രീ ഹിറ്റായ രണ്ടാം പന്തില്‍ ഒരു റണ്ണെടുക്കാനെ റാഷിദ് ഖാന് കഴിഞ്ഞുള്ളു. എന്നാല്‍ ആടുത്ത മൂന്ന് പന്തിലും ബൗണ്ടറി നേടിയ വാര്‍ണര്‍ അടുത്ത പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് ജയത്തിലേക്ക് അവസാന പന്തില്‍ ലക്ഷ്യം രണ്ട് റണ്ണാക്കി. എന്നാല്‍ റസലിന്‍റെ അവസാന പന്തില്‍ വാര്‍ണര്‍ക്ക് ഒരു റണ്ണെ ഓടിയെടുക്കാനായുള്ളു. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.

തകര്‍ത്തടിച്ച് തുടക്കം

ഡേവിഡ് വാര്‍ണര്‍ക്ക് പകരം കെയ്ന്‍ വില്യംസനാണ് ജോണി ബെയര്‍സ്റ്റോക്ക് ഒപ്പം ഹൈദരാബാദിന്‍റെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. കരുതലോടെയാണ് ബെയര്‍സ്റ്റോയും വില്യംസണും തുടങ്ങിയത്. പാറ്റ് കമിന്‍സിന്‍റെ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമെടുത്തെ ഇരുവരും ശിവം മാവിയുടെ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് ടോപ് ഗിയറിലായി.  

പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ഹൈദരാബാദിനെ 58 റണ്‍സിലെത്തിച്ചു. കാലിന് പരിക്കേറ്റ വില്യംസണ്‍ ഓടാന്‍ ബുദ്ധിമുട്ടിയപ്പോള്‍ പരമാവധി ബൗണ്ടറികളിലൂടെ റണ്‍സ് നേടാനാണ് ഹൈദരാബാദ് തുടക്കത്തില്‍ ശ്രമിച്ചത്. പവര്‍ പ്ലേക്ക് പിന്നാലെ സീസണില്‍ ആദ്യമായ ലോക്കി ഫെര്‍ഗൂസന്‍ പന്തെറിയാനെത്തി. ആദ്യ പന്തില്‍ തന്നെ കെയ്ന്‍ വില്യംസണെ തേര്‍ഡ്മാനില്‍ നിതീഷ് റാണയുടെ കൈകകളിലെത്തിച്ച് ഫെര്‍ഗൂസന്‍ വരവറിയിച്ചു.

തന്‍റെ രണ്ടാം ഓവറില്‍ പ്രിയം ഗാര്‍ഗിനെയും(4) ഫെര്‍ഗൂസന്‍ മടക്കി. തൊട്ടുപിന്നാലെ ബെയര്‍സ്റ്റോയെ(36) വരുണ്‍ ചക്രവര്‍ത്തിയും മടക്കിയതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി.  മനീഷ് പാണ്ഡെയെ(6) ഫെര്‍ഗൂസനും വിജയ് ശങ്കറെ(7) കമിന്‍സും വീഴ്ത്തിയതോടെ കൊല്‍ക്കത്ത വിജയം മണത്തു. എന്നാല്‍ കമിന്‍സിനെ സിക്സിന് പറത്തി യുവതാരം അബ്ദുള്‍ സമദ് ഹൈദരാബാദിന് പ്രതീക്ഷ നല്‍കിയെങ്കിലും ശിവം മാവി സമദിനെ മടക്കിയതോടെ ഹൈദരാബാദിന്‍റെ പ്രതീക്ഷ മങ്ങി. കൊല്‍ക്കത്തക്കായി ലോക്കി ഫെര്‍ഗൂസന്‍ നാലോവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios