ദുബായ്: ഐപിഎല്ലിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 155 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. 26 പന്തില്‍ 36 റണ്‍സെടുത്ത സഞ്ജുവാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ഹൈദരാബാദിനായി മൂന്ന് വിക്കറ്റെടത്ത ജേസണ്‍ ഹോള്‍ഡര്‍ ബൗളിംഗില്‍ തിളങ്ങി.

കരുതലോടെ തുടങ്ങി

ഉത്തപ്പയും ബട്‌‌ലറും ചേര്‍ന്ന് രാജസ്ഥാന് നല്ല തുടക്കമാണ് നല്‍കിയത്. സന്ദീപ് ശര്‍മയുടെ ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത ഇരുവരും ജേസണ്‍ ഹോള്‍ഡറുടെ രണ്ടാം ഓവറില്‍ ആറ് റണ്‍സടിച്ചു. സന്ദീപ് ശര്‍മയെ മൂന്നാം ഓവറില്‍ സിക്സിനും ഫോറിനും പറത്തി ഉത്തപ്പയും ഹോള്‍ഡറെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി കടത്തി സ്റ്റോക്സും തകര്‍ത്തടിച്ചതോടെ രാജസ്ഥാന്‍ ടോപ് ഗിയറിലായി.

എന്നാല്‍ ഇല്ലാത്ത റണ്ണിനോടി ഉത്തപ്പ ജേസണ്‍ ഹോള്‍ഡറുടെ നേരിട്ടു ത്രോയില്‍ റണ്ണൗട്ടായി. വണ്‍ഡൗണായെത്തിയ സഞ്ജു സാംസണ്‍ സന്ദീപ് ശര്‍മയെ തുടര്‍ച്ചയായ പന്തുകളില്‍ ബൗണ്ടറി കടത്തി കരുത്തുകാട്ടി. സ്റ്റോക്സ് പന്ത് ടൈം ചെയ്യാന്‍ ബുദ്ധിമുട്ടിയതോടെ രാജസ്ഥാന്‍റെ സ്കോറിംഗ് നിരക്ക് ഉയര്‍ത്തേണ്ട ഉത്തരവാദിത്തം സഞ്ജുവിന്‍റെ ചുമലിലായി.

ബൗളര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ട സഞ്ജു രാജസ്ഥാന്‍ സ്കോര്‍ 86ല്‍ എത്തിച്ചു. ജേസണ്‍ ഹോള്‍ഡറെ സിക്സിന് പറത്തിയതിന് പിന്നാലെ അടുത്ത പന്തില്‍ സഞ്ജു ബൗള്‍ഡായി. 26 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം സഞ്ജു 36 റണ്‍സടിച്ചു.

ഇഴഞ്ഞിഴഞ്ഞ് സ്മിത്തും ബട്‌ലറും

സഞ്ജു പുറത്തായതിന് പിന്നാലെ തൊട്ടടുത്ത ഓവറില്‍ റാഷിദ് ഖാന്‍ ബെന്‍ സ്റ്റോക്സിനെ ക്ലീന്‍ ബൗള്‍ഡാക്കി. 32 പന്തില്‍ 30 റണ്‍സായിരുന്നു സ്റ്റോക്സിന്‍റെ സമ്പാദ്യം. തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ നഷ്ടമായതോടെ രാജസ്ഥാന്‍ ബാക്ക് ഫൂട്ടിലായി. പ്രതീക്ഷയായിരുന്ന ജോസ് ബട്‌ലര്‍ക്കും(12 പന്തില്‍ 9) കാര്യമായി ഒന്നും ചെയ്യാനായില്ല.

സ്റ്റീവ് സ്മിത്തും(15 പന്തില്‍ 19), റിയാന്‍ പരാഗും(12 പന്തില്‍ 20) ശ്രമിച്ചുനോക്കിയെങ്കിലും അവസാന ഓവറുകളില്‍ ആഞ്ഞടിക്കാനായില്ല. നടരാജന്‍റെ അവസാന പന്ത് സിക്സിന് പറത്തി ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാനെ 150 കടത്തിയത്. ഹൈദരാബാദിനായി റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറാണ് ബൗളിംഗില്‍ തിളങ്ങിയത്.

കൊല്‍ക്കത്തക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇന്നിറങ്ങിയത്. മലയാളി താരം ബേസില്‍ തമ്പിക്ക് പകരം ഷഹബാസ് നദീമും കെയ്ന്‍ വില്യംസണ് പകരം ജേസണ്‍ ഹോള്‍ഡറും ഹൈദരാബാദ് ടീമിലെത്തി. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങിയത്.